Asianet News MalayalamAsianet News Malayalam

കളിയിക്കാവിള കൊലപാതകം: തോക്ക് കണ്ടെത്തി, ഇത് സൈനികർ ഉപയോഗിക്കുന്നതെന്ന് പൊലീസ്

എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തുള്ള ഓടയിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്. സൈനികർ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കാണിത്. കേസിലെ നിർണായക തെളിവാണിത്. 

kaliyikavila murder gun used for killing found from ernakulam ksrtc bus stand
Author
Ernakulam, First Published Jan 23, 2020, 12:38 PM IST

കൊച്ചി: കളിയിക്കാവിള ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യൽ എസ്ഐ വിൽസണെ വെടിവച്ച് കൊന്ന കേസിലെ നിർണായക തെളിവ് തമിഴ്‍നാട് ക്യൂ ബ്രാഞ്ച് കണ്ടെടുത്തു. വിൽസണെ വെടിവച്ച് കൊല്ലാനുപയോഗിച്ച തോക്കാണ് പൊലീസ് എറണാകുളത്ത് നിന്ന് കണ്ടെത്തിയത്. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തെ ഓടയിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്. സൈനികർ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കാണ് കണ്ടെത്തിയിരിക്കുന്നത്. അബ്ദുൾ ഷമീം, തൗഫീഖ് എന്നിവരെ പാളയംകോട്ട ജയിലിൽ നിന്നാണ് ക്യൂ ബ്രാഞ്ച് തെളിവെടുപ്പിനായി എറണാകുളത്ത് എത്തിച്ചത്.

എഎസ്ഐയെ കൊലപ്പെടുത്തിയ ശേഷം ഷമീമും തൗഫീഖും കളിയിക്കാവിളയിൽ നിന്ന് ബസ്സിലാണ് എറണാകുളത്ത് എത്തിയത്. അതിന് ശേഷമാണ് കൊലപാതകവാർത്ത പത്രത്തിൽ കാണുന്നത്. ഇത് കണ്ടതോടെ, കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് പിന്നിൽ ഉപയോഗശൂന്യമായ വസ്തുക്കൾ തള്ളുന്ന ഇടത്തുള്ള ഓടയിൽ പ്രതികൾ തോക്ക് ഉപേക്ഷിച്ചു.

തുടർന്ന് ബസ്സിൽ ഉഡുപ്പിക്ക് പോവുകയായിരുന്നു. കർണാടക പൊലീസിലെ ആഭ്യന്തരസുരക്ഷാ വിഭാഗവും തമിഴ്‍നാട് ക്യൂ ബ്രാഞ്ചും റെയിൽവേ സുരക്ഷാ വിഭാഗവും ചേർന്നാണ് തിരുവനന്തപുരത്ത് നിന്ന് വരുന്ന വെരാവൽ എക്സ്പ്രസിൽ യാത്ര ചെയ്യവേ പ്രതികളെ ജനുവരി ഏഴാം തിയതി പിടികൂടിയത്. 

ഇവരുടെ പക്കൽ സൈനികർ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്ക് വന്നതെങ്ങനെയെന്ന് അന്വേഷിക്കുമെന്ന് ക്യൂ ബ്രാഞ്ച് ഡിവൈഎസ്‍പി കെ ഗണേശൻ വ്യക്തമാക്കി. കൊലപാതകത്തിന്‍റെ ബുദ്ധി കേന്ദ്രമായി പ്രവർത്തിച്ചതായി സംശയിക്കുന്ന മെഹ്ബൂഹ് പാഷയും ഇജാസ് പാഷയും ബംഗളുരു പൊലീസിന്‍റെ പിടിയിലാണ്.ഇവരെ അറസ്റ്റ് ചെയ്തതാണ് പ്രതികളുടെ അറസ്റ്റിലേക്കും വഴി തെളിച്ചത്. 

കർണാടകവും ദില്ലിയും കേന്ദ്രീകരിച്ചാണ് ഈ സംഘം പ്രവർത്തിച്ചിരുന്നതും നടപടികൾ ആസൂത്രണം ചെയ്തിരുന്നതും. അൽ-ഉമ്മ എന്ന സംഘടനയെ തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ കേന്ദ്രസർക്കാർ നിരോധിച്ചതോടെ, തമിഴ്‍നാട് നാഷണൽ ലീഗ് എന്ന പേരിലാണ് പ്രവർത്തിച്ചിരുന്നത്. ഈ സംഘടനയുടെ മറവിലാണ് അറസ്റ്റിലായ പ്രതികളും പ്രവർത്തിച്ചിരുന്നത്. 

17 പേർ സംഘത്തിലുണ്ടെന്നും, തമിഴ്‍നാട്ടിൽ നിന്ന് പുറത്തേക്ക് പ്രവർത്തനങ്ങൾ മാറ്റിയതായും ഇവർ പൊലീസിന് മൊഴി നൽകി. ഇപ്പോൾ അറസ്റ്റിലായ അബ്ദുൾ ഷമീം ഹിന്ദു മുന്നണി നേതാവായിരുന്ന കെ പി സുരേഷ് കുമാറിനെ 2014-ൽ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ഇതോടെയാണ്, സംശയം തോന്നാതിരിക്കാനും പിടിക്കപ്പെടാതിരിക്കാനും പ്രവർത്തനങ്ങൾ കർണാടകത്തിലേക്ക് മാറ്റി. 

കർണാടകത്തിൽ പല വേഷങ്ങളിലും പേരുകളിലുമാണ് ഇവർ കഴിഞ്ഞിരുന്നത്. പലയിടത്തായി താമസിച്ചിരുന്ന ഇവർ ആവശ്യങ്ങളനുസരിച്ച് പദ്ധതിയിട്ടാണ് ഒരുമിച്ച് യോഗം ചേരുന്നതും തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതും. അൽ-ഉമ്മയുടെ തീവ്രവാദ ആശയങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഇവർ ശ്രമിച്ചിരുന്നു. കൂടുതൽ പേരെ അങ്ങനെ സംഘത്തിലെത്തിക്കാനും ഇവർ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

Follow Us:
Download App:
  • android
  • ios