
തിരുവനന്തപുരം: കളിയിക്കാവിള എഎസ്ഐ വിൽസണ്‍ കൊലപാതകത്തില്‍ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളായ അബ്ദുള്‍ ഷെമീം, തൗഫിഖ് എന്നിവര്‍ക്കുവേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്നലെ രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും പ്രതികളുടെ ചിത്രങ്ങള്‍ അയച്ചു നല്‍കിയിരുന്നു. പ്രതികള്‍ രാജ്യം വിട്ട് പോകാതിരിക്കാനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചതായാണ് വിവരം. അതിനിടെ എഎസ്ഐ വിൽസണിനെ പ്രതികള്‍ വെടുവെച്ചതിന് പുറമെ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നെന്ന പുതിയ വിവരം പുറത്തുവന്നു. മൃതദേഹത്തിൽ കുത്തേറ്റ പാടുകളുണ്ട്. നാല് വെടിയുണ്ടകൾ ശരീരത്തിൽ തുളച്ചു കയറി. മൂന്നു വെടിയുണ്ടകൾ നെഞ്ചിലും ഒരു വെടിയേറ്റത് വയറ്റിലുമാണ് തുളച്ചുകയറിയത്.
അതിനിടെ കേസിലെ പ്രതികളായ തൗഫീക്കും ഷെമീമും മുമ്പ് ജയിലിൽ കഴിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന മലയാളികൾ ഉള്‍ള്ളപ്പെടെയുള്ള തടവുകരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സംയുക്ത അന്വേഷണത്തിന്റെ ഏകോപനത്തിനായി കേരളാ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. പ്രതികൾക്ക് കേരളത്തിൽ നിന്ന് എന്തെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്ന കാര്യം സംഘം അന്വേഷിക്കുന്നുണ്ട്. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ ലീഗാണ് കൊലയ്ക്ക് പിന്നിൽ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കന്യാകുമാരി സ്വദേശികളായ തൗഫീക്കും ഷെമീമും ഈ സംഘടനയിലെ അംഗങ്ങളാണ്. ഈ സംഘടനയിലെ ചിലരെ തമിഴ്നാട് ക്യൂ ബ്രാഞ്ച് പിടിച്ചതിന്റെ പ്രതികാരമായാണ് കൊലയെന്നാണ് പൊലിസിന്റെ നിഗമനം.
കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം: രണ്ട് പേർ പാലക്കാട് കസ്റ്റഡിയിൽ
പാലക്കാട്: കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേർ പാലക്കാട് കസ്റ്റഡിയിൽ. വര്‍ഷങ്ങളായി പാലക്കാട് സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് ക്യൂ ബ്രാഞ്ച് പൊലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam