
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് (Kallambalam Murder) പൊതുമരാമത്ത് ഉദ്യോഗസ്ഥൻ അജികുമാറിനെ കൊലപ്പെടുത്തിയത് അയൽവാസി ബിനുരാജ് ഒറ്റയ്ക്കെന്ന് പൊലീസ്. കൊലപാതകത്തില്‍ സുഹൃത്ത് സംഘത്തിലെ മറ്റാര്‍ക്കും പങ്കില്ലെന്നും പൊലീസ് അറിയിച്ചു. മുൻ വൈരാഗ്യത്തെ തുടര്‍ന്നാണ് ബിനുരാജ് അജികുമാറിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ബിനുരാജിന്‍റെ ജിമ്മിൽ നിന്നും രക്തക്കറ പുരണ്ട വസ്ത്രങ്ങളും കത്തിയും പൊലിസിന് ലഭിച്ചു. ബിനുരാജിന്‍റെ സ്കൂട്ടറിലും രക്തക്കറയുണ്ട്. പിടിക്കപ്പെടും എന്നായപ്പോള്‍ ബിനുരാജ് ആത്മഹത്യ ചെയ്തിരുന്നു. സുഹൃത്ത് സംഘത്തിലുള്ള അജിതിനെ വാഹനമിടിച്ച കൊലപ്പെടുത്തിയ സജീവന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.
ഏറെ ദുരൂഹതകളും നാടകീയതകളും നിറഞ്ഞതാണ് കല്ലമ്പലത്തെ മൂന്നു മരണങ്ങൾ. പൊതുമരാമത്ത് വകുപ്പിൽ ആലപ്പുഴ ഓഫീസിൽ ജോലി ചെയ്യുന്ന അജികുമാർ, അജിത്, ബിനുരാജ് എന്നിവരാണ് മരിച്ചവര്‍. പൊതുമരാമത്ത് വകുപ്പിൽ ആലപ്പുഴ ഓഫീസിൽ ജോലി ചെയ്യുന്ന അജികുമാർ കല്ലമ്പലത്തെത്തിയാൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നത് പതിവാണ്. ഞായറാഴ്ച രാത്രിവരെ അജികുമാർ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്നു. പിന്നാലെ അജികുമാര്‍ കൊല്ലപ്പെട്ടു. ഏറെ ആഴത്തിലുള്ള നിരവധി കുത്തുകൾ അജികുമാറിന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നു.
അജികുമാറിന്‍റെ മരണത്തെക്കുറിച്ച് കല്ലമ്പലം പൊലീസ് അന്വേഷണം നടത്തുന്നതിനിടെ അന്നേദിവസം വൈകുന്നേരം അജികുമാറിന്‍റെ സുഹൃത്തുകൾ വീണ്ടും ഒന്നുചേർന്ന് മദ്യപിച്ചു. കൂട്ടത്തിലുളള ഡ്രൈവർ സജീവാണ് അജികുമാറിന്‍റെ കൊലക്ക് പിന്നിലെന്ന് ചില സുഹൃത്തുകൾ കുറ്റപ്പെടുത്തി. മദ്യപസംഘം പിരിഞ്ഞപ്പോൾ സജീവ് സുഹൃത്തുക്കളായ പ്രമോദ്, അജിത് എനിവരുടെ മേൽ പിക് അപ്പ് വാൻ കയറ്റിയിറക്കി. അജിത് തൽക്ഷണം മരിച്ചു. പ്രമോദ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് കല്ലമ്പലം സ്റ്റേഷനിൽ കീഴടങ്ങിയ സജീവ് പൊലീസിനോട് പറഞ്ഞു. സജീവിൽ നിന്നാണ് അയൽവാസിയായ ബിനുരാജാണ് കൊലപാതകത്തിന്റ പിന്നിലെന്ന് സൂചന ലഭിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെ ബസിന് മുന്നിൽ ചാടി ബിനുരാജ് മരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam