സാഹിത്യം അധികാര സ്ഥാനങ്ങള്‍ക്ക് മാത്രമല്ല, അധികാരത്തെ ചോദ്യം ചെയ്യാനുള്ളത് കൂടിയാണ്: കല്‍പ്പറ്റ നാരായണന്‍

By Web TeamFirst Published Aug 30, 2019, 6:17 PM IST
Highlights

ഗൂഗിളിന്‍റെ വരവോടെ പണ്ഡിതരുടെ ആവശ്യകതയില്ലാതാകുന്നു. ഭാഷയില്ലെങ്കില്‍ വ്യക്തിയുടെ മനസ്സും അതിനോടൊപ്പം ഇല്ലാതാകുന്നുവെന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു

തിരുവനന്തപുരം: സാഹിത്യം അധികാര സ്ഥാനങ്ങള്‍ക്ക് മാത്രമല്ല അധികാരത്തെ ചോദ്യം ചെയ്യാനും കൂടിയുള്ളതാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍. വായനയിലുടെ ഓരോ വായനക്കാരനും സാങ്കല്‍പ്പികമായ ലോകം സൃഷ്ടിച്ചെടുക്കുന്നു. ഗൂഗിളിന്‍റെ വരവോടെ പണ്ഡിതരുടെ ആവശ്യകതയില്ലാതാകുന്നു. ഭാഷയില്ലെങ്കില്‍ വ്യക്തിയുടെ മനസ്സും അതിനോടൊപ്പം ഇല്ലാതാകുന്നുവെന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന സ്‌പേസസ് ഫെസ്റ്റില്‍ ''സാഹിത്യത്തിലെ സ്ഥാനം, സാഹിത്യം സ്ഥാനമാകുമ്പോള്‍'' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാഹിത്യം തന്നെ ഒരു അധികാര സ്ഥാപനമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത എഴുത്തുകാരി അനിത തമ്പി പറഞ്ഞു. സാങ്കേതിക വിദ്യ അധികാരസ്ഥാപനത്തിലെ പരിമിതികളെ മാറ്റിനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. പ്രത്യക്ഷമായ കലക്കൊരു അധികാരവുമില്ല. അതിനെ വെല്ലാനായി കവികള്‍ സൃഷ്ടിക്കുന്ന തലമാണ് സാഹിത്യമെന്നും അനിത പറഞ്ഞു.

സാഹിത്യത്തിന്‍റെ സര്‍ഗ്ഗാത്മകതയിലും ഭാവനയിലുമാണ് നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. വായനയിലൂടെ ഭാവന, സ്വപ്നം എന്നിവ ഒരിക്കലും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തുന്നു. എഴുത്തുകാരന്‍ തന്റെ നോവലിനായി സ്വയം മാറേണ്ടി വരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എ.കെ അബ്ദുള്‍ ഹക്കിം മോഡറേറ്ററായിരുന്നു.

click me!