
മലപ്പുറം: ശബരിമല കയറിയ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനക ദുർഗ വിവാഹ മോചിതയായി. ശബരിമല കയറിയതുമായി ബന്ധപെട്ട് ഭര്‍ത്താവുമായുണ്ടായ തര്‍ക്കമാണ് വിവാഹ മോചനത്തില്‍ കലാശിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കനക ദുര്‍ഗ വിവാഹ മോചിതയായത്. ശബരിമലയില്‍ ദര്‍ശനം നടത്തിയതുമായി ബന്ധപെട്ടാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയുമായി അഭിപ്രായ വ്യത്യാസമുണ്ടായതെന്ന് കനക ദുര്‍ഗപറഞ്ഞു. അഭിഭാഷകര്‍ മുഖേനയുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം പരസ്പ്പര ധാരണയിലായിരുന്നു വിവാഹ മോചനം. വിവാഹ മോചനത്തിന് പിന്നാലെ കരാര്‍ പ്രകാരം വീട് മുൻ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒഴിഞ്ഞുകൊടുത്ത് കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഫ്ലാറ്റിലേക്ക് താമസം മാറി.
ശബരിമലയില്‍ ദര്‍ശ്ശനം വിവാദമായതിന് പിന്നാലെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും അമ്മയും കനക ദുര്‍ഗ്ഗയെ തള്ളിപ്പറഞ്ഞിരുന്നു. വീട്ടില്‍ കയറുന്നത് വിലക്കിയതിനെതിരെ കനക ദുര്‍ഗ നിയമ നപടികള്‍ സ്വീകരിച്ചു. ഇതോടെ കൃഷ്ണനുണ്ണി രണ്ട് മക്കളുമായി മറ്റൊരു വീട്ടിലേക്ക് താമസം മാറി. കനക ദുര്‍ഗയുടെ സഹോദരന്‍റെ പിന്തുണയും ഭര്‍ത്താവ് കൃഷ്ണനുണ്ണിക്കായിരുന്നു. ഇതിനിടെ കനകദുര്‍ഗ സഹോദരനും ഭര്‍ത്താവിനും അമ്മക്കുമെതിരെ നിരവധി പരാതികള്‍ പൊലീസില്‍ നല്‍കിയിരുന്നു. തര്‍ക്കങ്ങളും നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെ യോജിച്ചുപോകാൻ കഴിയാത്ത സാഹചര്യം വന്നതോടെയാണ് ഇരുവരും വിവാഹമോചിതരാവാൻ തീരുമാനിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam