ക്രെഡിറ്റ് അച്യുതമേനോന്, ചരിത്രം പഠിക്കണമെന്ന് പിണറായിയോട് കാനം; 'ഭൂപരിഷ്കരണ'ത്തില്‍ സിപിഐ-സിപിഎം പോര് മുറുകുന്നു

By Web TeamFirst Published Jan 4, 2020, 6:06 PM IST
Highlights

അച്യുതമേനോന്‍ സര്‍ക്കാര്‍ ഭൂപരിഷ്കരണത്തില്‍ വെള്ളം ചേര്‍ത്തെന്നും ഇഎംഎസ് സര്‍ക്കാര്‍ വിഭാവനം ചെയ്ത രീതിയില്‍ പദ്ധതി നടപ്പാക്കാനായില്ലെന്നതും സിപിഎമ്മിന്‍റെ കാലങ്ങളായുള്ള പരാതിയാണ്. 

തിരുവനന്തപുരം: ഭൂപരിഷ്കരണത്തില്‍ കയ്യൊപ്പ് ചാര്‍ത്തിയത് സി അച്യുതമേനോന്‍ തന്നെയെന്നും അതിന്‍റെ ക്രെഡിറ്റ് മറ്റാരും കൊണ്ട്പോകേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് കാനം രാജേന്ദ്രന്‍റെ മറുപടി. സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാന്‍ ശ്രമിക്കരുതെന്നും ചരിത്രം വായിച്ച് പഠിക്കുന്നതാണ് നല്ലതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ ഭൂപരിഷ്കരണം നടപ്പാക്കിയവരുടെ കൂട്ടത്തില്‍ മുന്‍മന്ത്രി സി.അച്യുതമേനോന്‍റെ പേര് മുഖ്യമന്ത്രി പരാമര്‍ശിക്കാതിരുന്നതിനെ  ചൊല്ലിയുള്ള വിവാദം കാനത്തിന്‍റെ ഇടപെടലോടെ പുതിയ തലത്തിലേക്കെത്തിയിരിക്കുകയാണ്.

റവന്യൂവകുപ്പ് സംഘടിപ്പിച്ച ഭൂപരിഷ്കരണ വാര്‍ഷിക പരിപാടിയില്‍ എകെജിയേയും ഇഎംഎസിനെയും കെആര്‍ ഗൗരിയമ്മയേയും പ്രത്യേകം എടുത്ത് പറഞ്ഞ മുഖ്യമന്ത്രി സിപിഐ നേതാവായിരുന്ന സി അച്യുതമേനോന്‍റെ പേര് വിട്ടുകളഞ്ഞതാണ് വിവാദമായത്. അച്യുതമേനോന്‍ സര്‍ക്കാര്‍ ഭൂപരിഷ്കരണത്തില്‍ വെള്ളം ചേര്‍ത്തെന്നും ഇഎംഎസ് സര്‍ക്കാര്‍ വിഭാവനം ചെയ്ത രീതിയില്‍ പദ്ധതി നടപ്പാക്കാനായില്ലെന്നതും സിപിഎമ്മിന്‍റെ കാലങ്ങളായുള്ള പരാതിയാണ്. 

ഇത് മനസില്‍ വച്ചായിരുന്നു മുഖ്യമന്ത്രിയുടെ മൗനം. മുഖ്യമന്ത്രി മനപൂര്‍വം അച്യുതമേനോന്‍റെ പേര് വിട്ടുകളഞ്ഞതിനെതിരെ ‍ജനയുഗം എഡിറ്റോറിയിലെഴുതി പ്രതിഷേധിച്ചു. ആരെയും ആക്ഷേപിക്കാതിരിക്കാനാണ് ചില പേരുകള്‍ വിട്ടുകളഞ്ഞതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തന്നെ വിമര്‍ശിക്കുന്നവര്‍ ചരിത്രം പഠിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയ്ക്കാണ് കാനത്തിന്‍റെ എണ്ണം പറഞ്ഞ മറുപടി.

സിപിഐ മന്ത്രിിമാരായ ഇ ചന്ദ്രശേഖരനും വിഎസ് സുനില്‍കുമാറും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സമാന അഭിപ്രായവുമായി രംഗത്തെത്തി.എന്നാല്‍ ഇപ്പോള്‍ ഇതേക്കുറിച്ച് വിവാദത്തിനില്ലെന്നായിരുന്നു മന്ത്രി തോമസ് ഐസകിന്‍റെ പ്രതികരണം യുഎപിഎ, മാവോയിസ്റ്റ് വെടിവയ്പ് വിഷയങ്ങളില്‍ പിണറായിയുമായി നേരിട്ട് ഏറ്റുമുട്ടിയിരുന്ന സിപിഐ നേതൃത്വം തങ്ങള്‍ ഏറ്റവും വൈകാരികായി കാണുന്ന വിഷയത്തിലാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെ എതിര്‍ക്കുന്നത്.

പിണറായിക്ക് മറുപടിയുമായി കാനംരാജേന്ദ്രന്‍ തന്നെ രംഗത്തിറങ്ങിയതും വിഷയത്തില്‍ താഴെതട്ടില്‍ വരെ പ്രചാരണത്തിന് സിപിഐ തയ്യാറെടുക്കുന്നതും ശ്രദ്ധേയമാണ്. എന്നാല്‍ പാര്‍ട്ടിയെന്ന നിലയില്‍ സിപിഎം ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല.മുഖ്യമന്ത്രിക്കെതിരെ കാനം തന്നെ പട നയിക്കുന്ന സാഹചര്യത്തില്‍ മറ്റ് സിപിഎം നേതാക്കളും വിഷയം ഏറ്റുപിടിക്കാനാണ് സാധ്യത

click me!