ഫീസിളവ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല; പരിയാരം സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക്

By Web TeamFirst Published Jan 4, 2020, 5:18 PM IST
Highlights

 സർക്കാർ ഏറ്റെടുക്കുന്നതിന് മുൻപ് സ്വാശ്രയ സംവിധാനത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളാണ് സമരരംഗത്തുള്ളത്. സർക്കാർ മെഡിക്കൽ കോളേജായ ശേഷവും സ്പെഷ്യൽ ഫീ ഇനത്തിലടക്കം ഭീമമായ തുക അടയ്ക്കേണ്ടി വരുന്നുവെന്നാണ് ഇവരുടെ പരാതി.
 

കണ്ണൂർ:  പരിയാരം മെഡിക്കൽ കോളേജ് പൂർണമായി സർക്കാർ ഏറ്റെടുത്തിട്ടും ഫീസിളവടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരത്തിനൊരുങ്ങി വിദ്യാർത്ഥികൾ. സർക്കാർ ഏറ്റെടുക്കുന്നതിന് മുൻപ് സ്വാശ്രയ സംവിധാനത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളാണ് സമരരംഗത്തുള്ളത്. സർക്കാർ മെഡിക്കൽ കോളേജായ ശേഷവും സ്പെഷ്യൽ ഫീ ഇനത്തിലടക്കം ഭീമമായ തുക അടയ്ക്കേണ്ടി വരുന്നുവെന്നാണ് ഇവരുടെ പരാതി.

മെഡിക്കൽ കോളേജ് ഏറ്റെടുക്കൽ പൂർണമാകുന്നതിന് തൊട്ടു മുൻപ് 2018ൽ മെറിറ്റിൽ പ്രവേശനം വിദ്യാർത്ഥികളാണ് സമരത്തിനൊരുങ്ങുന്നത്. സഹകരണ മെഡിക്കൽ കോളേജായിരുന്ന സമയത്തെ കമ്മിറ്റി  നിശ്ചയിച്ച സ്വാശ്രയ ഫീസാണ് ഇവരടയ്ക്കുന്നത്. ഈ കമ്മിറ്റി ഇപ്പോഴില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. ലക്ഷങ്ങളുടെ അന്തരമാണ് ഫീസിന്റെ കാര്യത്തിൽ ഒരേ കോഴ്സ് പഠിക്കുന്ന ഇവരും,  ഇവർക്ക് ശേഷം പ്രവേശനം നേടിയവരും തമ്മിലുള്ളത്.  സ്പെഷ്യൽ ഫീസായി നാൽപ്പതിനായിരം രൂപ വരെ വാങ്ങുന്നുവെന്നും നേരത്തെ ഉറപ്പ് നൽകിയത് പ്രകാരമുള്ള പുനപരിശോധനയെങ്കിലും വേണമെന്നുമാണ് ഇവരുടെ ആവശ്യം.

വിഷയത്തിൽ കോടതിയിൽ നിലനിൽക്കുന്ന കേസിൽ തീരുമാനം വന്നിട്ടില്ല എന്നും, നേരത്തെ കളമശേരി മെഡിക്കൽ കോളേജ് ഏറ്റെടുത്തപ്പോഴും സ്ഥിതി ഇങ്ങനെയായിരുന്നുവെന്നുമാണ് അധികൃതർ നൽകുന്ന മറുപടി. സ്വാശ്രയ ഫീസ് തന്നെ അടയ്ക്കേണ്ടി വരും. ഫീസടക്കാൻ തയാറാകാതിരുന്നവരെ പുറത്താക്കുന്ന സാഹചര്യവും ഉണ്ടായി. എന്നാൽ ഭീമമായ സെപ്ഷ്യൽ ഫീസ് കുറയ്ക്കണമെന്ന ആവശ്യം ന്യായമാണെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. മുമ്പ് നായനാർ സർക്കാർ മെഡിക്കൽ കോളജ് ഏറ്റെടുത്തപ്പോൾ  എല്ലാവർക്കും ഫീസ് കുറച്ചു നൽകിയെന്നതടക്കം ചൂണ്ടികാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ സമരവുമായി മുമ്പോട്ടു പൊകുന്നത്. 

click me!