ബസ് പാസ് കാണിക്കാൻ വിസമ്മതിച്ചു; കെഎസ്ആർടിസി സൂപ്രണ്ടിനെതിരെ വിജിലൻസ് അന്വേഷണം

By Web TeamFirst Published Jan 4, 2020, 4:34 PM IST
Highlights

കരമനയിൽ നിന്ന് നെയ്യാറ്റിൻകരയിലേക്ക് ബസ് കയറിയ മഹേശ്വരി ടിക്കറ്റ് എടുക്കാനോ പാസ് കാണിക്കാനോ തയ്യാറായില്ലെന്നാണ് ആക്ഷേപം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. 

തിരുവനന്തപുരം: ബസ് പാസ് കാണിക്കാൻ വിസമ്മതിച്ച കെഎസ്ആർടിസി സൂപ്രണ്ടിനെതിരെ വിജിലൻസ് അന്വേഷണം. കണ്ടക്ടറുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് നെയ്യാറ്റിന്‍കര ഡിപ്പോ സൂപ്രണ്ട് മഹേശ്വരിക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. 

കരമനയിൽ നിന്ന് നെയ്യാറ്റിൻകരയിലേക്ക് ബസ് കയറിയ മഹേശ്വരി ടിക്കറ്റ് എടുക്കാനോ പാസ് കാണിക്കാനോ തയ്യാറായില്ലെന്നാണ് ആക്ഷേപം. കണ്ടക്ടർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പാസ് കാണിച്ചില്ല. പാസ് കാണിച്ചില്ലെങ്കിൽ ടിക്കറ്റ് എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, താൻ ഡിപ്പോ സൂപ്രണ്ടാണെന്നും എല്ലാവർക്കും തന്നെ അറിയാമെന്നും പറഞ്ഞ് കണ്ടക്ടറോട് തട്ടിക്കയറി.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മഹേശ്വരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. സ്വമേധയാ ആണ് കെഎസ്ആർടിസി വിജിലൻസ് കേസെടുത്തത്. ആരോപണം സൂപ്രണ്ട് നിഷേധിച്ചു. മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ഈ വനിതാ കണ്ടക്ടര്‍ക്കെതിരെ താൻ മുമ്പ് പരാതിപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ പ്രതികാരമായി ഇവർ പ്രശ്നമുണ്ടാക്കുകയായിരുന്നു എന്നുമാണ് മഹേശ്വരിയുടെ വാദം. 

click me!