ജനയുഗം ഗുരുനിന്ദ കാട്ടിയില്ല, കേരള കോൺഗ്രസിന്റെ വരവ് നേട്ടമായില്ല; പാലാ ബിഷപ്പിനും കാനത്തിന്റെ വിമർശനം

By Web TeamFirst Published Sep 11, 2021, 4:54 PM IST
Highlights

പാർട്ടിയുടെ മാനദണ്ഡം ലംഘിക്കപ്പെടാൻ പാടില്ല. അത് ജനറൽ സെക്രട്ടറി ആയാലും ആരായാലും. ഡാങ്കെയെ വിമർശിച്ച പാർട്ടിയാണ് സി പി ഐ എന്നും കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ജനയുഗം ഗുരുനിന്ദ കാണിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അത്തരമൊരു വിമർശനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പിന്റെ പ്രസ്താവനയെ വിമർശിച്ച കാനം ഡി രാജയുടെ നിലപാടിനെയും തള്ളി. ഡി രാജയുടെ പ്രതികരണം ദേശീയ എക്സിക്യുട്ടീവിന്റെ തീരുമാനമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശും കേരളവും വ്യത്യസ്തമാണ്. അത് രാജയ്ക്ക് അറിയാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

താൻ കൊടുത്ത കത്ത് ശരിവെയ്ക്കുകയാണ്  ദേശീയ നേതൃത്വം ചെയ്തത്. പാർട്ടിയുടെ മാനദണ്ഡം ലംഘിക്കപ്പെടാൻ പാടില്ല. അത് ജനറൽ സെക്രട്ടറി ആയാലും ആരായാലും. ഡാങ്കെയെ വിമർശിച്ച പാർട്ടിയാണ് സി പി ഐ. കേരളത്തിലെ പൊലീസ് യുപിയിലെ പോലീസിനെ പോലെയല്ല. ഒറ്റപ്പെട്ട സംഭവങ്ങളിൽ തക്കതായ നടപടി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുട്ടിൽ മരംമുറി ഉത്തരവ് വന്നത് സിപിഐയുടെ രാഷ്ട്രീയ തീരുമാനം കൊണ്ടാണ്. ഉത്തരവ് നടപ്പിലാക്കിയതിലാണ് പ്രശ്നങ്ങൾ. അത് പരിശോധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിലബസ് വിവാദത്തിൽ സർവകലാശാലയെ കുറ്റപ്പെടുത്താതെയുള്ള പ്രതികരണമായിരുന്നു കാനത്തിന്റേത്. ഒരു പുസ്തകം വായിച്ചുകൂടെന്ന് പറയാൻ പറ്റുമോയെന്ന് ചോദിച്ച അദ്ദേഹം സിലബസിൽ ഉൾപ്പെടുത്തണോ എന്നാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞു.

പാലാ ബിഷപ്പിന്റെ പ്രസ്താവനയോട് പ്രതികരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി, കേരള സമൂഹത്തെ വിഭജിക്കാൻ മതമേലധ്യക്ഷന്മാർ ശ്രമിക്കരുതെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തോടെ കോൺഗ്രസും ബിജെപിയും ഇല്ലാതായെന്ന അഭിപ്രായം സിപിഐക്കില്ല. രണ്ട് പാർട്ടികളിലും ആഭ്യന്തര പ്രശ്നങ്ങളുണ്ട്. യുഡിഎഫ് ദുർബലപ്പെട്ടുവെന്നത് ശരിയാണ്. തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ പരിശോധനകൾ നടക്കുന്നുണ്ട്. കെകെ ശിവരാമനെ താക്കീത് ചെയ്യാൻ തീരുമാനിച്ചു. കേരള കോൺഗ്രസിന്റെ വരവ് എൽഡിഎഫിൽ വിചാരിച്ച നേട്ടമുണ്ടാക്കിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!