ബിഷപ്പിനെ തള്ളി എംവി ഗോവിന്ദൻ, കെഎസ്ആർടിസിയിൽ മദ്യവിൽപ്പന ആലോചിച്ചിട്ടില്ലെന്നും മന്ത്രി

By Web TeamFirst Published Sep 11, 2021, 4:07 PM IST
Highlights

ശരിയല്ലാത്ത പ്രവണതകളെ മതപരമായി കാണരുത്. ബിഷപ്പിന്റെ പ്രസ്താവന മതപരമായ ധ്രുവീകരണത്തിലേക്ക് നയിക്കരുത്. നാർകോട്ടിക് ജിഹാദ് എന്ന പ്രയോഗം ഭാഷയുടെ പ്രത്യേകതയായി കാണണമെന്നും മന്ത്രി

കണ്ണൂർ: നാർകോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ തള്ളി മന്ത്രി എംവി ഗോവിന്ദനും രംഗത്ത്. ശരിയല്ലാത്ത പ്രവണതകളെ മതപരമായി കാണരുതെന്ന് കണ്ണൂരിൽ മാധ്യമപ്രവർത്തകർക്ക് നൽകിയ പ്രതികരണത്തിൽ അദ്ദേഹം പറഞ്ഞു. അതേസമയം കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യവിൽപ്പന ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ തുടങ്ങുമ്പോഴേ ബാറുകളും തുറക്കുന്നത് ആലോചിക്കുകയുള്ളൂ. കെഎസ്ആർടിസി ഡിപ്പോയിൽ മദ്യവിൽപ്പന എക്സൈസ് വകുപ്പ് ആലോചിച്ചിട്ടില്ല. ആ ചർച്ച എങ്ങിനെ ഉയർന്നുവന്നുവെന്ന് അറിയില്ല,'- എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ശരിയല്ലാത്ത പ്രവണതകളെ മതപരമായി കാണരുത്. ബിഷപ്പിന്റെ പ്രസ്താവന മതപരമായ ധ്രുവീകരണത്തിലേക്ക് നയിക്കരുത്. നാർകോട്ടിക് ജിഹാദ് എന്ന പ്രയോഗം ഭാഷയുടെ പ്രത്യേകതയായി കാണണം. കണ്ണൂർ സർവ്വകലാശാല സിലബസിലുള്ളത് എന്താണെന്ന് പൂർണമായും മനസ്സിലാക്കിയിട്ടില്ല. എതിർക്കുന്നതിനെ കുറിച്ചും മനസിലാക്കണമെന്നാണ് ജ്ഞാനസിദ്ധാന്തത്തിൽ പറയുന്നത്. സർവകലാശാല നിയോഗിച്ച രണ്ടംഗ കമ്മിറ്റി ഉചിതമായ തീരുമാനമെടുക്കും. വർഗീയ നിലപാടിന് ഊന്നൽ നൽകുന്ന ഒരു സിലബസും ഉണ്ടാകില്ല. ഇടത് മുന്നണി വർഗ്ഗീയ ശക്തികളോട്  വീഴ്ച ചെയ്തുവെന്നത് അസംബന്ധമാണ്. കൃത്യമായ ധാരണ ഉണ്ടായതിന് ശേഷം മാത്രമേ നിലപാട് സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!