മാങ്ങാ മോഷണ കേസ് ഒത്ത് തീർപ്പിലേക്ക്; പരാതിക്കാരന് കോടതിയിൽ അപേക്ഷ നൽകി

Published : Oct 18, 2022, 09:23 PM ISTUpdated : Oct 19, 2022, 04:10 PM IST
മാങ്ങാ മോഷണ കേസ് ഒത്ത് തീർപ്പിലേക്ക്; പരാതിക്കാരന് കോടതിയിൽ അപേക്ഷ നൽകി

Synopsis

കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് കാട്ടി പരാതിക്കാരനായ പഴക്കച്ചവടക്കാരൻ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. അപേക്ഷയിൽ കോടതി നാളെ വിധി പറഞ്ഞേക്കും.

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പൊലീസുകാരൻ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തു തീർപ്പിലേക്ക്. കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് കാട്ടി പരാതിക്കാരനായ പഴക്കച്ചവടക്കാരൻ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. അപേക്ഷയിൽ കോടതി നാളെ വിധി പറഞ്ഞേക്കും. അതേസമയം, സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പൊലീസുകാരൻ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. 

കഴിഞ്ഞ മാസം മുപ്പതിനാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം  മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ്  മോഷ്ടിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോവുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഈ മാസം മൂന്നാം തീയതി ഷിഹാബിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നിട്ടും ഷിഹാബിനെ അറസ്റ്റ് ചെയ്യാന്‍ കാഞ്ഞിരപ്പളളി പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസുകാരനായ ഷിഹാബിന് പൊലീസിന്‍റെ അന്വേഷണ വഴികളെ കുറിച്ച് നല്ല ധാരണയുണ്ട്. ഇത് തന്നെയാണ് ഷിഹാബിലേക്ക് എത്താന്‍ കാഞ്ഞിരപ്പളളി പൊലീസിന് മുന്നിലെ തടസവും. ഷിഹാബ് തൃശൂരിലും പാലക്കാടും ചെന്നെന്ന സൂചനകള്‍ പൊലീസിന് കിട്ടിയിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതോടെയാണ് ഷിഹാബ് എവിടെയെന്നതിനെ പറ്റി ഒരു സൂചനയും പൊലീസിന് കിട്ടാതായത്.

Also Read: മാമ്പഴം മോഷ്ടിച്ച പൊലീസുകാരൻ ബലാത്സം​ഗക്കേസിലും പ്രതി; സേനക്ക് നാണക്കേട്

മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ പ്രതിയാണ് ഷിഹാബ്. ഈ കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് ഷിഹാബ് മാങ്ങ മോഷണം നടത്തിയത്. ബലാത്സംഗ കേസിലെ ഷിഹാബിന്‍റെ ജാമ്യം റദ്ദാക്കാനുളള നടപടികളും പൊലീസ് ഇനിയും തുടങ്ങിയിട്ടില്ല. ഇതിനിടെ ഷിഹാബ് വിദേശത്തേക്ക് കടന്നെന്ന അഭ്യൂഹങ്ങളും നാട്ടില്‍ ശക്തമായിട്ടുണ്ട്. ഇക്കാര്യം പക്ഷേ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും