കണ്ണപ്ര ഭൂമിയിടപാട് അഴിമതി: സിപിഎം പാലക്കാട് ജില്ലാ നേതാവിനെ തരംതാഴ്‌ത്തി, ബന്ധുവിനെ പുറത്താക്കി

By Web TeamFirst Published Sep 20, 2021, 9:24 PM IST
Highlights

സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളുടെ കണ്‍സോർഷ്യം തുടങ്ങാനിരിക്കുന്ന കണ്ണപ്ര റൈസ് പാര്‍ക്കിന്റെ ഭൂമി ഇടപാടില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് നടപടി

പാലക്കാട്: കണ്ണപ്ര റൈസ് പാർക്ക് അഴിമതി ആരോപണത്തിൽ, ആരോപണ വിധേയർക്കെതിരെ സിപിഎം നടപടി. പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ചാമുണ്ണിയെ പാർട്ടി ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഇദ്ദേഹത്തിന്റെ ബന്ധുവും കണ്ണപ്ര സഹകരണ ബാങ്ക് ഹോണററി സെക്രട്ടറിയും സിപിഎം ചൂർക്കുന്ന് ബ്രാഞ്ച് കമ്മറ്റിയംഗവുമായ സുരേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പുതുശ്ശേരി ഏരിയാ കമ്മിറ്റി നടപടികൾ ജില്ലാ കമ്മിറ്റി അംഗീകരിച്ചില്ല. മുൻ എംഎൽഎ എം.ഹംസ ഉൾപ്പെട്ട ഒറ്റപ്പാലം സഹകരണ ബാങ്ക് അഴിമതി അടുത്ത ജില്ലാ കമ്മിറ്റിയിലേക്ക് മാറ്റി

സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളുടെ കണ്‍സോർഷ്യം തുടങ്ങാനിരിക്കുന്ന കണ്ണപ്ര റൈസ് പാര്‍ക്കിന്റെ ഭൂമി ഇടപാടില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് നടപടി. ആരോപണം അന്വേഷിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടിരുന്നു. തുടർന്ന് ആരോപണ വിധേയരെ സംരക്ഷിക്കാനുള്ള നീക്കത്തിൽ നിന്ന് ജില്ലാ കമ്മിറ്റി പിന്മാറുകയും അന്വേഷണ കമ്മീഷനെ വെക്കുകയുമായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സുരേഷ് ബാബു, പിഎൻ മോഹനൻ എന്നിവരുള്‍പ്പെട്ട കമ്മീഷനാണ് ആരോപണം അന്വേഷിച്ചത്.

റൈസ് പാർക്കിനായി 27.66 ഏക്കർ ഭൂമിയാണ് കൺസോർഷ്യം വാങ്ങിയത്. ഏക്കറിന് 23 ലക്ഷം രൂപ പ്രകാരം ആറര കോടിയോളം രൂപയ്ക്കായിരുന്നു ഇടപാട്. എന്നാൽ ഏക്കറിന് 16 ലക്ഷം രൂപ മാത്രം വിലയുള്ള പ്രദേശത്ത്, ഏക്കറിന് ഏഴ് ലക്ഷം രൂപ അധികം നൽകി ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്നായിരുന്നു കണ്ണപ്രയിലെ പ്രാദേശിക സിപിഎം നേതാക്കളുടെ പരാതി. 

കൺസോർഷ്യത്തിന് നേതൃത്വം കൊടുക്കുന്നവർക്ക് അഴിമതിയിൽ പങ്കുണ്ടെന്നും, പ്രാഥമിക സഹകരണ സംഘങ്ങൾക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്നും ചൂണ്ടിക്കാട്ടി പ്രാദേശിക നേതാക്കൾ ജില്ലാ നേതൃത്വത്തിന് പരാതി നൽകി. രണ്ടു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു ആരോപണം. കഴിഞ്ഞ വർഷം ജനുവരിയിലാണ് പരാതി നൽകിയത്. എന്നാൽ ജില്ലാ നേതൃത്വം നടപടിയെടുത്തില്ല. ഇതോടെ പ്രാദേശിക നേതാക്കൾ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. സംസ്ഥാന സെക്രട്ടറിയുടെ ചുമതയുള്ള എ വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയേറ്റിലാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. പരാതി അടിസ്ഥാന രഹിതമാണെന്നും സഹകരണ വകുപ്പിന്‍റെ പൂര്‍ണ അറിവോടെയാണ് ഭൂമി ഇടപാട് നടന്നതെന്നുമായിരുന്നു കണ്ണപ്ര സഹകരണ ബാങ്കിന്‍റെ വിശദീകരണം.

ആരോപണം കെട്ടിച്ചമച്ചതാണെന്നായിരുന്നു അന്വേഷണ കമ്മീഷനെ നിയോഗിക്കാൻ തീരുമാനിച്ച ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം പാർട്ടി ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രൻ പറഞ്ഞത്. അപാകത ശ്രദ്ധയിൽ പെട്ടിട്ടില്ല. ആരെങ്കിലും ആരോപണം ഉന്നയിച്ചാൽ അത് വിവാദമാക്കേണ്ടതില്ല. പാർട്ടിയുടെ മുന്നിൽ പ്രശ്നം വന്നാൽ അത് ചർച്ച ചെയ്യുന്നതിനപ്പുറം ഒന്നുമില്ല. പാർട്ടി പരിശോധിക്കുന്നത് ആദ്യം കമ്മീഷനെ വെച്ചിട്ടല്ല. നിലവിൽ അന്വേഷണ കമ്മീഷനെ വെച്ചിട്ടില്ലെന്നും മാധ്യമങ്ങളെ വിളിച്ചല്ല പാർട്ടി ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെയാണ് ഇപ്പോൾ മുതിർന്ന നേതാവിനെതിരെ തന്നെ നടപടിയെടുത്തിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!