
കണ്ണൂര്‍: കണ്ണൂരില്‍ കല്യാണാഘോഷത്തിനിടെ ഉണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റില്‍. ബോംബെറിഞ്ഞ സംഘത്തിലെ അക്ഷയ് ആണ് അറസ്റ്റിലായത്. ഏച്ചൂർ സ്വദേശിയായ അക്ഷയ് എറിഞ്ഞ ബോംബ് പൊട്ടിയാണ് മരണം സംഭവിച്ചത്. ഏച്ചൂരിൽ നിന്നും വരൻ്റെ കുടുംബക്കാരായ ആളുകളാണ് ബോംബെറിഞ്ഞത്. മരിച്ചതും പ്രതികളുടെ കൂടെയുണ്ടായിരുന്ന ആളെന്ന് അസി. കമ്മീഷണർ പി പി സദാനന്ദൻ പറഞ്ഞു. കേസിലെ മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാല് പേർ നിലവിൽ കസ്റ്റഡിയിലുണ്ട്. ഒളിവിലുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. കേസന്വേഷണത്തില്‍ പൊലീസിന് വീഴ്ചയില്ലെന്നും എസിപി കൂട്ടിച്ചേര്‍ത്തു.
റിജുൽ സി കെ, സനീഷ്, അക്ഷയ് പി, ജിജിൽ എന്നിവരാണ് പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. ഏറുപടക്കം വാങ്ങി സ്ഫോടക വസ്തുക്കൾ വീണ്ടും ചേർത്താണ് നാടൻ ബോംബുണ്ടാക്കിയത്. പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു. അതിനിടെ, സംഭവത്തില്‍ നിർണ്ണായക വെളിപ്പെടുത്തലുമായി കണ്ണൂർ മേയർ ടിഒ മോഹനൻ രംഗത്തെത്തി. കൊലപാതകത്തിന്റെ തലേന്ന് ബോംബേറ് പരിശീലനം നടന്നുവെന്ന് കണ്ണൂർ മേയർ ടിഒ മോഹനൻ വെളിപ്പെടുത്തി. ചേലോറയിലെ മാലിന്യ സംസ്കരണ സ്ഥലത്തായിരുന്നു പരീക്ഷണം. ഇവിടെ നിന്നും അർധരാത്രി ഉഗ്ര ശബ്ദത്തിലുള്ള പൊട്ടിത്തെറി ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണ് കേസിലെ പ്രതികൾ. കൊല്ലപ്പെട്ട ജിഷ്ണുവും ഏച്ചൂരിലെ സിപിഎം പ്രവർത്തകനാണ്. ബോംബ് സുലഭമാകുന്നതിൽ അന്വേഷണം വേണമെന്നും മേയർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.