എഡിഎം നവീൻ ബാബുവിന്‍റെ മരണം; ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ വി ഡി സതീശൻ, 'കൊലപാതകത്തിന് തുല്യമായ സംഭവം'

Published : Oct 15, 2024, 11:16 AM ISTUpdated : Oct 15, 2024, 11:49 AM IST
എഡിഎം നവീൻ ബാബുവിന്‍റെ മരണം; ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ വി ഡി സതീശൻ, 'കൊലപാതകത്തിന് തുല്യമായ സംഭവം'

Synopsis

യാത്രയയപ്പിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപിച്ചതിന് പിന്നാലെയാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നവീൻ ബാബുവിന്‍റെ മരണ വാർത്ത ഞെട്ടിക്കുന്നതെന്ന് സതീശന്‍ പ്രതികരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ, നവീൻ ബാബുവിനെ അപമാനിക്കും വിധം സംസാരിച്ചു. കൊലപാതകത്തിന് തുല്യമായ സംഭവമായിരുന്നു നടന്നത്. അഴിമതിക്കാരനെന്ന് പ്രതിപക്ഷ സംഘടനകൾക്ക് പോലും അഭിപ്രായം ഇല്ലാത്ത ആളായിരുന്നു നവീൻ ബാബു. ക്ഷണിക്കപ്പെടാതെ വന്ന് അപമാനിച്ച് മടങ്ങുന്ന പെരുമാറ്റമാണ് ജില്ലാ പഞ്ചായത്ത് പ്രഡിഡന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് സതീശന്‍ കുറ്റപ്പെടുത്തി.

യാത്രയയപ്പിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപിച്ചതിന് പിന്നാലെയാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്ന് പത്തനംതിട്ടയിലേക്ക് ട്രെയിനിൽ ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാൽ ഇന്ന് രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് നവീൻ ബാബുവിനെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 

Also Read: 'സമ്മർദ്ദത്തിന് വഴങ്ങില്ല നവീൻ, ജീവിതത്തിൽ ഇതുവരെ അഴിമതി നടത്തിയിട്ടില്ല': അങ്ങനെ ചിത്രീകരിച്ചതെന്ന് ബന്ധു

ഇന്നലെ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ വെച്ച് എഡിഎം നവീൻ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. യോഗത്തിലേക്ക് ക്ഷണിക്കാതെയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ചത്. ഇതിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയതെന്നാണ് വിവരം. താൻ ശുപാർശ ചെയ്തിട്ടും നടക്കാത്ത കാര്യം പിന്നീട് മറ്റൊരാളുടെ ശുപാർശയിൽ നടന്നതിലെ എതിർപ്പാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചതെന്നാണ് വിമർശനം. 

PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം