
കണ്ണൂർ: ആറളം ഫാമിൽ വീട്ടുമുറ്റത്ത് വച്ച് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാം പത്താം ബ്ലോക്കിലെ അനീഷാണ് മരിച്ചത്. അനീഷിന്റെ കുടുംബത്തിന് വനംമന്ത്രി എകെ ശശീന്ദ്രൻ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. വനം വകുപ്പിന്റെ അനാസ്ഥയാണ് അനീഷിന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.
കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് അനീഷ് സ്വന്തം വീട്ടുമുറ്റത്ത് കിടന്നത് ഒരു മണിക്കൂറോളമാണ്. ഒടുവിൽ വനപാലകരെത്തി പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തും മുൻപ് ജീവൻ നഷ്ടമായി. പുലർച്ചെ നാലു മണിയോടെയാണ് അനീഷിന്റെ വീടിന് സമീപം കാട്ടാനയെത്തുന്നത്. ശബ്ദം കെട്ട് പുറത്തെത്തിയ അനീഷും ഭാര്യയും കുട്ടിയും ആനയെ കണ്ട് തിരിഞ്ഞോടി. ഇതിനിടെ ചക്ക പറിച്ചു കഴിക്കുകയായിരുന്ന ആന മുറ്റത്തേക്ക് എത്തി. ഭാര്യയും കുട്ടിയും അകത്തേക്ക് കയറി, അടുക്കള വാതിലിലൂടെ വീട്ടിലേക്കു കയറാൻ ശ്രമിച്ച അനീഷിനെ കാട്ടാന തുമ്പിക്കൈ കൊണ്ടടിച്ചു, ചവിട്ടി.
പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അനീഷിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ വനംമന്ത്രി കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ആറളം ഫാമിലെ ആനമതിൽ നിർമ്മാണ പുരോഗതി പരിശോധിക്കുമെന്നും കരാറുകാർക്ക് വീഴ്ചപറ്റിയോ എന്ന് അന്വേഷിക്കുമെന്നും പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam