
കണ്ണൂർ: കണ്ണൂരിൽ കല്യാണപ്പാർട്ടിക്കിടെയുണ്ടായ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ അഞ്ച് മാസം പിന്നിടുമ്പോഴും സ്ഫോടക വസ്തു എത്തിച്ചു നൽകിയ ആളെ കണ്ടെത്താനാകാതെ പൊലീസ്. കുറ്റപത്രം നൽകാനാകാത്തതിനാൽ അറസ്റ്റിലായവരെല്ലാം ജാമ്യത്തിലിറങ്ങി. സിപിഎം പ്രവർത്തകർ ഉൾപെട്ട കേസായതിനാൽ ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് ആക്ഷേപം. ബോംബെറിയുന്ന വീഡിയോ തെളിവുണ്ടായിട്ടും കൊല്ലപ്പെട്ടയാളുടെ കയ്യിലുള്ള ബോംബാണ് പൊട്ടിയത് എന്ന് വാദിക്കുകയാണ് പ്രതികൾ.
കണ്ണൂരിലെ ഒരു കല്യാണപ്പാർട്ടി. പാട്ടും ഡാൻസുമായി ചെറുപ്പക്കാർ വധൂവരൻമാരെ വീട്ടിലേക്ക് കൊണ്ടുപോവുകയാണ്. പെട്ടെന്ന് ഉഗ്ര ശബ്ദത്തിൽ ഒരു പൊട്ടിത്തെറിയുണ്ടായത്. ആ പൊട്ടിത്തെറിയിൽ തലയോട്ടി തകർന്ന് ഒരാൾ മരിച്ചുവീണു. ഒരു സംഘം യുവാക്കൾ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെടുന്നതിൻ്റെ ദൃശ്യങ്ങൾ പിന്നാലെ പുറത്തു വന്നു.
കണ്ണൂർ സ്വദേശി ദിൽനയുടെയും തോട്ടട സ്വദേശി ഷമലിൻ്റേയും കല്യാണത്തിനാണ് ബോംബ് പൊട്ടിയത്. അഞ്ച് മാസം മുൻപ് നടന്ന ആ സംഭവത്തിൻ്റെ നടുക്കത്തിൽ ദിൽനയ്ക്ക് ഇപ്പോഴും വാക്കുകൾ മുറിയും.
കല്യാണത്തലേന്ന് രാത്രി ഇഷ്ടപ്പെട്ട പാട്ട് വെക്കുന്നതുമായി ബന്ധപ്പെട്ട് വരന്റെ ഏച്ചുരിൽ നിന്നുള്ള സുഹൃത്തുക്കളും തോട്ടടയിലെ യുവാക്കളും തമ്മിൽ തർക്കമുണ്ടായിരുന്നു. സംഘർഷത്തിനൊടുവിൽ ഏച്ചൂരിൽ നിന്നുള്ളവർക്ക് അടി കിട്ടി. ഇതിൽ പ്രതികാരം ചെയ്യാനുറച്ചാണ് ഏച്ചൂർ സംഘം മടങ്ങിപ്പോയത്.
ഉണ്ടാക്കിയ നാല് ബോംബുകളിൽ ഒന്ന് ഇവിടെവച്ച് തന്നെ പൊട്ടിച്ച് ട്രയൽ നടത്തി. പിറ്റേന്ന് വരൻ്റെ വീട്ടിലേക്കുള്ള യാത്രയിൽ എതിർ സംഘത്തിന്റെ നേർക്ക് അക്ഷയ് ബോംബെറിഞ്ഞു. ആ ബോംബ് ലക്ഷ്യം തെറ്റി സുഹൃത്ത് ജിഷ്ണുവിന്റെ തലയെടുത്തു.
കേസിൽ പത്തുപ്രതികൾക്കെതിരെയാണ് കൊലക്കുറ്റം ചുമത്തി കേസെടുത്തത്. ഇതിൽ സ്ഫോടക വസ്തു കൊണ്ടുകൊടുത്ത അനൂപ് അടക്കം രണ്ടുപേർ ഇനിയും പിടിയിലായിട്ടില്ല. സമയബന്ധിതമായി കുറ്റപത്രം കൊടുക്കാഞ്ഞതിനാൽ കേസിൽ എല്ലാ പ്രതികൾക്കും ജാമ്യം കിട്ടി. ബോംബെറിഞ്ഞ ഒന്നാം പ്രതി അക്ഷയെ കാണാൻ ഞങ്ങൾ ചെന്നു. കമ്യൂണിസ്റ്റുകാരനായ തന്നെ പൊലീസ് കള്ളക്കേസിൽ കുടുക്കി എന്നും ജിഷ്ണു സ്വന്തം കയ്യിലുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് മരിച്ചതെന്നും വാദിക്കുകയാണ് അക്ഷയ്.
സംസ്ഥാനത്തിനാകെ നാണക്കേടായ ഈ ബോംബ് കേസിൽ പോലും സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാൻ കണ്ണൂരിലെ എടക്കാട് പൊലീസിന് ആയില്ല. കുറ്റപത്രം നൽകാൻ വൈകുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam