ആശ്വാസ വാർത്ത: കൊവിഡ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ ഭാര്യക്കും അമ്മയ്ക്കും രോഗമില്ല

By Web TeamFirst Published Mar 15, 2020, 7:02 PM IST
Highlights

രോഗിയുമായി ഏറ്റവും അടുത്ത് ഇടപഴകിയത് ഇവർ രണ്ടുപേരുമാണ്. അതേസമയം ഇദ്ദേഹത്തിന്റെ മകന്റെ പരിശോധനാ ഫലം നാളെ വരും

കണ്ണൂർ: കൊവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ ഭാര്യക്കും അമ്മയ്ക്കും രോഗമില്ല. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പെരിങ്ങോം സ്വദേശിയുടെ ഭാര്യയുടെയും അമ്മയുടെയും സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് രോഗബാധയില്ലെന്ന് വ്യക്തമായത്. രോഗിയുമായി ഏറ്റവും അടുത്ത് ഇടപഴകിയത് ഇവർ രണ്ടുപേരുമാണ്. അതേസമയം ഇദ്ദേഹത്തിന്റെ മകന്റെ പരിശോധനാ ഫലം നാളെ വരും.

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചു. മൂന്നാറിൽ താമസിച്ചിരുന്ന ബ്രിട്ടൻ സ്വദേശിക്ക് പുറമെ വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ചികിത്സയിലുള്ള വൈറസ് ബാധിതരുടെ എണ്ണം 21 ആയി. അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി കെകെ ശൈലജ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. 

മൂന്നാർ സംഭവം വിവാദമാക്കേണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. രോഗ പ്രതിരോധത്തിന് ഭഗീരഥ പ്രവർത്തനമാണ് നടത്തുന്നത്. ബ്രിട്ടൻ സ്വദേശിയുടെ ഫലം പോസിറ്റീവ് ആണെന്ന് വ്യക്തമായത് ഇന്നലെ രാത്രിയാണ്. വിദേശത്തു നിന്നു വന്നവരിൽ പലരും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നില്ല. സംസ്ഥാനത്ത് ഇതുവരെ 5150 വിദേശികളെത്തിയിട്ടുണ്ട്. സർക്കാരിന്റെ നിർദേശം പാലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!