
കണ്ണൂർ: കണ്ണൂരിലെ ബിഎൽഓ അനീഷ് ജോർജിന്റെ ആത്മഹത്യയിൽ വിശദീകരണവുമായി ജില്ലാ കളക്ടർ. അനീഷ് ജോർജിന് തൊഴിൽ സമ്മർദം ഇല്ലായിരുന്നെന്നും ആകെ വിതരണം ചെയ്യാൻ ബാക്കി ഉണ്ടായിരുന്നത് 50 ഫോമുകൾ മാത്രമായിരുന്നെന്നും കളക്ടർ അറിയിച്ചു. അനീഷ് ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റി വരുന്ന ആളാണ്. സഹായം വേണ്ടതുണ്ടോ എന്നറിയാൻ ഉദ്യോഗസ്ഥർ വിളിച്ചപ്പോഴും ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും കളക്ടർ വാർത്തക്കുറിപ്പിൽ പറഞ്ഞു. പൊലീസിന്റെയും വകുപ്പ് തല അന്വേഷണത്തിലും ആത്മഹത്യയിൽ തൊഴിൽ സമ്മർദം ഇല്ലെന്നാണ് കണ്ടെത്തൽ. പൊലീസിലൂടെയും ഭരണപരമായ അന്വേഷണങ്ങളിലൂടെയും നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികളും ബിഎൽഒയുടെ മരണവും തമ്മിൽ വ്യക്തമായ ബന്ധം സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.
അനീഷ് ജോർജിന്റെ ആത്മഹത്യയെ തുടർന്ന് സംസ്ഥാന വ്യാപകമായി നാളെ ബിഎൽഒമാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കും. എസ്ഐആറിന്റെ പേരിൽ ഉദ്യോഗസ്ഥർക്ക് വലിയ സമ്മർദമാണുള്ളതെന്നും കൂടുതൽ ടാർഗറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിക്കുകയാണെന്നും ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും ജീവനക്കാർ പറയുന്നു. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് നാളെ സംസ്ഥാനത്ത് ബിഎൽഓമാർ ജോലിയിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കുന്നത്. കൂടാതെ, ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരികളുടെയും ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.