സിപിഐ വിട്ട ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസിലേക്ക്, നാളെ അംഗത്വം സ്വീകരിക്കും; പള്ളിക്കൽ ഡിവിഷനിൽ സ്ഥാനാർത്ഥിയായേക്കും

Published : Nov 16, 2025, 09:57 PM IST
Sreenadhevi Kunjamma

Synopsis

സിപിഐ വിട്ട മുൻ ജില്ലാ പഞ്ചായത്തംഗം  ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസിലേക്ക്

പത്തനംതിട്ട: സിപിഐ വിട്ട മുൻ ജില്ലാ പഞ്ചായത്തംഗം നാളെ കോൺഗ്രസിൽ ചേരും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ശ്രീനാദേവി കുഞ്ഞമ്മയാണ് കോണ്‍ഗ്രസില്‍ ചേരാൻ തീരുമാനിച്ചിരിക്കുന്നത്. നാളെ ശ്രീനാദേവി കുഞ്ഞമ്മയെ കെപിസിസി അധ്യക്ഷൻ കോൺഗ്രസിലേക്ക് സ്വീകരിക്കും. നാളെ രാവിലെ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് ഡിസിസിയിൽ വെച്ച് പാർട്ടി അംഗത്വം സ്വീകരിക്കും. സിപിഐ ടിക്കറ്റിൽ മത്സരിച്ച പള്ളിക്കൽ ഡിവിഷൻ തന്നെ ശ്രീനാദേവിക്ക് മത്സരിക്കാൻ നൽകുക എന്നാണ് വിവരം.

നവംബര്‍ മൂന്നിനാണ് ശ്രീനാദേവി സിപിഐ വിട്ടത്. സിപിഐ വിട്ടുവെന്നും പാർട്ടിയുടെയും എഐവൈഎഫിൻ്റെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചതായും ശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. ഒട്ടനവധി പരാതികൾ സിപിഐ സംസ്ഥാന നേതൃത്വത്തിന് നൽകിയതാണ്. എന്നാൽ ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീനാദേവി പറഞ്ഞു. ഏറെക്കാലമായി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. നേരത്തെ, രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളുന്ന നിലപാടാണ് സിപിഐ കൈക്കൊണ്ടത്.

ശ്രീനാദേവിയെ തള്ളി സിപിഐ

ശ്രീനാദേവിക്ക് ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ലെന്നും അവർ പാർട്ടിയുടെ പേരിൽ ജയിച്ച ജില്ലാ പഞ്ചായത്ത് അംഗമാണെന്നും അവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ സിപിഐക്ക് ഉത്തരവാദിത്തമില്ലെന്നും സിപിഐ സംസ്ഥാന കൗൺസിൽ അംഗവും അടൂർ മണ്ഡലം സെക്രട്ടറിയുമായ മുണ്ടപ്പള്ളി തോമസ് പറഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ ശ്രീനാദേവി പിന്തുണയ്ക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമമെന്നും തന്നെ ഇരയാക്കാൻ ഒരു ചാനൽ ശ്രമിച്ചെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുൽ മാങ്കൂട്ടത്തിൽ നിയമത്തിനു മുന്നിൽ തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം. എന്നാൽ, ഈ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇരകളെ മാത്രമല്ല ഇരകളെ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെയും ക്രൈംബ്രാഞ്ച് കണ്ടെത്തണമെന്നുമാണ് അവർ കുറിപ്പിൽ പറഞ്ഞിരുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ