കായലോട് റസീനയുടെ മരണം; ആത്മഹത്യാ കുറിപ്പ് ശരിവെച്ച് ആണ്‍സുഹൃത്തിന്‍റെ നിര്‍ണായക മൊഴി, 'കാറിൽ നിന്ന് പിടിച്ചിറക്കി മര്‍ദിച്ചു'

Published : Jun 21, 2025, 06:29 PM IST
kannur kayalode raseena death accused

Synopsis

അതേസമയം, യുവതിയുടെ പണവും സ്വർണവും തട്ടിയെടുത്ത് ഭീഷണിപ്പെടുത്തിയെന്ന കുടുംബത്തിന്‍റെ ആരോപണം യുവാവ് നിഷേധിച്ചു. സാമ്പത്തിക ഇടപാടുകളുണ്ടായിട്ടില്ലെന്നാണ് മൊഴി

കണ്ണൂര്‍: കണ്ണൂർ കായലോട് ആൾക്കൂട്ട ആക്രമണത്തിന് ഇരയായെന്ന റസീനയുടെ ആത്മഹത്യാ കുറിപ്പ് ശരിവെച്ച് ആൺസുഹൃത്തിന്‍റെ മൊഴി. സംസാരിച്ചിരിക്കെ കാറിൽ നിന്ന് പിടിച്ചിറക്കി മർദിച്ചെന്നും ഫോൺ കൈക്കലാക്കി, ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് പരാതി നൽകി. എസ്‍ഡിപിഐ പ്രവർത്തകർ ഉൾപ്പെടെ സംഘത്തിലുണ്ടായിരുന്ന അഞ്ച് പേർക്കെതിരെ പിണറായി പൊലീസ് കേസെടുത്തു.

ജീവനൊടുക്കാൻ കാരണം ആൾക്കൂട്ട അതിക്രമവും തുടർന്നുളള അവഹേളനവുമെന്ന് കായലോട് റസീനയുടെ ആത്മഹത്യാ കുറിപ്പ്. അതേകാര്യങ്ങളാണ് ആൺസുഹൃത്ത് പൊലീസിനോട് വിശദീകരിച്ചതും. മൂന്ന് ദിവസമായി കാണാമറയത്തായിരുന്ന മയ്യിൽ സ്വദേശി റഹീസ് ഇന്ന് രാവിലെ പിണറായി സ്റ്റേഷനിലെത്തി. തലശ്ശേരി എഎസ്പി വിശദമൊഴിയെടുത്തു.

കായലോട് അച്ചങ്കര പളളിക്ക് സമീപം ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ ആൾക്കൂട്ട വിചാരണ നേരിട്ടെന്നാണ് മൊഴി. മൂന്ന് വർഷമായി സുഹൃത്തായ റസീനയോടൊപ്പം കാറിൽ സംസാരിച്ചിരിക്കെ അഞ്ചംഗ സംഘമെത്തി. കാറിൽ നിന്ന് ബലംപ്രയോഗിച്ച് പിടിച്ചിറക്കി. കയ്യിലുണ്ടായിരുന്ന മൂന്ന് മൊബൈൽ ഫോൺ തട്ടിയെടുത്തു. ഫോണിലെ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.

ഇതിനുശേഷം സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി. സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് മർദിച്ചു. എല്ലാം യുവതിയോട് സംസാരിച്ചതിലുളള വിരോധം കൊണ്ടെന്നാണ് ആൺ സുഹൃത്തിന്‍റെ മൊഴി. ഇയാളുടെ പരാതിയിൽ അഞ്ച് പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. 

മുബഷിർ,ഫൈസൽ, റഫ്വാൻ, സുനീർ, സക്കറിയ എന്നിവരാണ് കേസിലെ പ്കതികള്‍. എസ്ഡിപിഐ പ്രവർത്തകരായ ആദ്യ മൂന്ന് പേർ യുവതി ആത്മഹത്യ ചെയ്തതിലെടുത്ത കേസിലെയും പ്രതികളാണ്. കൂട്ടത്തിൽ യുവതിയുടെ ബന്ധുക്കളുമുണ്ട്. മർദിച്ചതിന് ശേഷമാണ് റഹീസിനെ എസ്ഡിപിഐ ഓഫീസിലെത്തിക്കുന്നതും ബന്ധുക്കളെ വിളിച്ചുവരുത്തുന്നതും.

അതേസമയം, യുവതിയുടെ പണവും സ്വർണവും തട്ടിയെടുത്ത് ഭീഷണിപ്പെടുത്തിയെന്ന കുടുംബത്തിന്‍റെ ആരോപണം യുവാവ് നിഷേധിച്ചു. സാമ്പത്തിക ഇടപാടുകളുണ്ടായിട്ടില്ലെന്നാണ് മൊഴി. തലശ്ശേരി എഎസ്പിക്ക് കുടുംബം പരാതി നൽകിയിരുന്നു. ഇതിൽ കേസെടുത്തിട്ടില്ല.യുവാവ് നിരപരാധിയെന്ന് റസീനയുടെ ആത്മഹത്യാകുറിപ്പിൽ പരാമർശമുണ്ട്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ