
കണ്ണൂർ: മാതമംഗലത്ത് സ്വത്ത് കൈക്കലാക്കാൻ മക്കൾ വൃദ്ധയായ അമ്മയെ മർദ്ദിച്ച (Beating) സംഭവത്തിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു (R Bindu) റിപ്പോർട്ട് തേടി. അടിയന്തര നടപടി കൈക്കൊള്ളാൻ സാമൂഹ്യനീതിവകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. ഏഷ്യാനെറ്റ് ന്യൂസാണ് മാതമംഗലം പേരൂലിലെ മീനാക്ഷിയമ്മയുടെ അവസ്ഥ പുറം ലോകത്തെ അറിയിച്ചത്.
ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് സംഭവം. നേരത്തെ മരിച്ച മകളുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് നൽകണമെന്ന് പറഞ്ഞാണ് നാല് മക്കൾ ചേർന്ന് മീനാക്ഷിയമ്മയെ മർദിച്ചത്. മർദനത്തിൽ മീനാക്ഷിയമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റു. തൊണ്ണൂറ്റിമൂന്ന് വയസ്സുള്ള അമ്മയെക്കൊണ്ട് ബലപ്രയോഗിച്ച് ഒപ്പിടീക്കാനായിരുന്നു സ്വന്തം മക്കളുടെ ശ്രമം.
മക്കൾ നാലുപേരും ചേർന്ന് അമ്മയുടെ കൈ പിടിച്ച് തിരിച്ചു. കാലിൽ ചവിട്ടി പിടിച്ചു. ശേഷം നെഞ്ചിന് പിടിച്ച് അമ്മയെ തള്ളിമാറ്റി. എന്നിട്ടും ഒപ്പിടാതിരുന്ന അമ്മയെ അസഭ്യ വർഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പിടിവിക്കുകയുമായിരുന്നു. പത്ത് മക്കളുള്ള മീനാക്ഷിയമ്മയുടെ മൂന്ന് മക്കൾ നേരത്തെ മരിച്ചതാണ്. മരിച്ച ഓമനയുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് തരണമെന്ന് പറഞ്ഞായിരുന്നു മർദനം. മർദ്ദനം നടക്കുന്ന സമയത്ത് മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികളാണ് സംഭാഷണം റെക്കോഡ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്
രവീന്ദ്രൻ, അമ്മിണി, സൗദാമിനി, പത്മിനി എന്നിവരുടെ പേരിൽ പെരിങ്ങോം പൊലീസ് കേസെടുത്തിട്ടുണ്ട്. എല്ലാ മക്കൾക്കും സ്വത്ത് വീതം വച്ച് നൽകാനായി അമ്മയുടെ ഒപ്പ് വാങ്ങാനാണ് വന്നതെന്നും അമ്മയെ ഉപദ്രവിച്ചിട്ടില്ലെന്നുമാണ് മകൾ പത്മിനി പറയുന്നത്.
'മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും ആക്റ്റ്' പ്രകാരമുള്ള അടിയന്തര നടപടിയെടുക്കാനാണ് മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam