
കണ്ണൂര്‍: കണ്ണൂര്‍ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ തലശ്ശേരി അതിവേഗ പോക്സോ കോടതി ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് ശിക്ഷ വിധിക്കും. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ഇന്ന് രാവിലെ നടന്ന അവസാന വാദത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, പ്രതിയുടെ കുടുംബവും പ്രായവും പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്യേണ്ടി വന്നാൽ ഉത്തരവാദികൾ മതതീവ്രവാദികൾ എന്നും പ്രതിഭാഗത്തിന്‍റെ അഭിഭാഷകൻ വാദിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണ് പ്രതിഭാഗം വാദിച്ചു. ഭാര്യയും മക്കളും അമ്മയും അടങ്ങുന്ന കുടുംബമാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതി കോടതിയിൽ ആവശ്യപ്പെട്ടു. കേസിന്‍റെ മെറിറ്റാണ് പരിശോധിച്ചതെന്ന് കോടതി മറുപടി നൽകി.
കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പരമാവധി 20 വർഷം വരെയോ, ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. കേസിൽ അഞ്ചു തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജൻ കുറ്റക്കാരനാണ് കണ്ടെത്തിയത്. അധ്യാപകനെതിരായ പരാതി തലശ്ശേരി ഡിവൈഎസ്പി പാനൂർ പൊലീസിനാണ് കൈമാറിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണത്തിൽ പരാതി വ്യാജമാണെന്നായിരുന്നു ആദ്യ കണ്ടെത്തൽ. എന്നാല്‍, പ്രതിക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തമായി. 2020 ഏപ്രിൽ 15ന് ബന്ധു വീട്ടിൽ ഒളിവിൽ കഴിഞ്ഞ പത്മരാജനെ അറസ്റ്റ് ചെയ്തു. ഇതിനിടെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. പോക്സോ വകുപ്പ് ചുമത്താതെ 90 ദിവസം തികയുന്നതിന് മണിക്കൂറുകൾക്കു മുൻപ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. അഞ്ചു അന്വേഷണസംഘങ്ങൾ മാറിമാറി അന്വേഷിച്ച കേസിൽ 2021 മേയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു.
2024 ഫെബ്രുവരിയിൽ തുടങ്ങിയ വിചാരണക്കൊടുവിലാണ് തലശ്ശേരി പോക്സോ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും ശിശുദിനത്തിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചെന്നുമാണ് ഇന്നലെ പ്രോസിക്യൂഷൻ പ്രതികരിച്ചത്. ഡിവൈഎസ്പി ടികെ രത്നകുമാർ കേസ് അട്ടിമറിച്ചുവെന്നും വിധി ലഭിച്ച ശേഷം മേൽക്കോടതിയെ സമീപിക്കുമെന്നും പ്രതിഭാഗം പറഞ്ഞു. ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച കേസിൽ പരാതി വ്യാജമാണെന്നും എസ്ഡിപിഐ ഗൂഢാലോചനയെന്നുമായിരുന്നു ബിജെപി ആരോപണം. അഞ്ചുതവണ അന്വേഷണസംഘത്തെ മാറ്റിയ കേസിൽ സംസ്ഥാന സർക്കാരും പ്രതിരോധത്തിലായിരുന്നു. നേരത്തെ, കുട്ടിയുടെ മൊഴിയും മെഡിക്കൽ സർട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും ബിജെപി നേതാവായ കുനിയിൽ പത്മരാജനെതിരെ പൊലീസ് പോക്സോ വകുപ്പ് ഒഴിവാക്കി കുറ്റപത്രം നൽകിയത് വന്‍വിവാദമായിരുന്നു. കേസിൽ പ്രതിയെ രക്ഷിക്കാൻ സംസ്ഥാന സർക്കാരും ബിജെപിയും ഒത്തുകളിക്കുന്നു എന്ന് മുസ്ലിംലീഗും കോൺഗ്രസും പ്രചാരണം നടത്തിയിരുന്നു.