
കണ്ണൂര്‍: ആതുരസേവനം കച്ചവടമാകുന്ന കാലത്ത് തുച്ഛമായ ഫീസ് വാങ്ങി രോഗികളെ ചികിത്സിച്ച കണ്ണൂരിലെ ജനകീയ ഡോക്ടർ എ.കെ രൈരു ഗോപാൽ അന്തരിച്ചു. 80 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നീണ്ട 50 വർഷത്തോളമാണ് കണ്ണൂരുകാരുടെ ജനപ്രിയ ഡോക്ടറായി സേവനം ചെയ്തത്. രോഗികൾക്ക് ആശ്വാസമായിരുന്നു അദ്ദേഹത്തിന്‍റെ സേവന സന്നദ്ധതയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
അരനൂറ്റാണ്ടോളം രോഗികളിൽ നിന്ന് രണ്ടുരൂപ മാത്രം വാങ്ങിയായിരുന്നു ഡോക്ടറുടെ സേവനം. പിന്നീടിത് പത്തു രൂപയാക്കിയെങ്കിലും നിര്‍ധന രോഗികളുടെ ആശ്രയമായിരുന്നു ഡോക്ടറുടെ ക്ലിനിക്ക്. വളരെ പാവപ്പെട്ട രോഗികള്‍ക്ക് പരിശോധനയും മരുന്നുമടക്കം സൗജന്യമായി നൽകിയിരുന്നു.
കേവലം രണ്ടു രൂപ മാത്രം ഫീസ് ഈടാക്കുന്ന ഡോക്ടറെ തേടി ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ഒട്ടനവധി പേരാണ് വന്നുകൊണ്ടിരുന്നത്. പ്രായത്തിന്‍റെ അവശതകള്‍ക്കിടയിലും രോഗികളെ പരിശോധന തുടര്‍ന്നെങ്കിലും തിരക്കൊഴിവാക്കാനായി കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ താണയിലെ വീടിന് മുന്നിലെ ഗേറ്റിൽ രൈരു ഡോക്ടര്‍ പരിശോധനയില്ലെന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നു.
"ജോലി ചെയ്യാനുള്ള ആരോഗ്യമില്ല… അതുകൊണ്ട് പരിശോധനയും മരുന്ന് കൊടുക്കലും നിർത്തുന്നു", എന്നായിരുന്നു ആ ബോര്‍ഡിലെഴുതിയിരുന്നത്. ബോർഡ് സ്ഥാപിച്ചെങ്കിലും സേവനം പിന്നെയും തുടർന്നു. കണ്ണൂർ തളാപ്പിലെ വീട്ടിലായിരുന്നു ആദ്യകാലത്ത് പരിശോധന. ഫീസ് വെറും രണ്ട് രൂപ. അതും നൽകാൻ പറ്റാത്തവർക്ക് സൗജന്യം. തീരെ പാവപ്പെട്ടവർക്ക് മരുന്ന് വെറുതെ കിട്ടും. താണയിലേക്ക് താമസം മാറിയപ്പോൾ ഫീസ് പത്തു രൂപയായിരുന്നു. പക്ഷേ അപ്പോഴേക്കും രണ്ടു രൂപ ഡോക്ടർ എന്ന വിളിപ്പേര് പരന്നിരുന്നു.
ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ രൈരൂ ഗോപാൽ വാർത്തയായി. കുട്ടികൾ മുതൽ പ്രായമായവർ വരെ എത്തുന്ന ക്ലിനിക്കിൽ രാവിലെ നാല് മുതൽ വൈകിട്ട് നാലുവരെയായിരുന്നു സേവനം. "പണമുണ്ടാക്കാൻ ആണെങ്കിൽ മറ്റെന്തെല്ലാം പണിയുണ്ട്" എന്ന അച്ഛന്‍റെ വാക്കുകൾ കേട്ടാണ് രൈരു ഡോക്ടർ മിതമായ ഫീസ് വാങ്ങിത്തുടങ്ങിയത്. ഞാൻ ഈ ജീവിതത്തിൽ 18 ലക്ഷം രോഗികളെ ചികിത്സിച്ചുവെന്നാണ് അവസാനകാലത്ത് ഡോക്ടര്‍ പറഞ്ഞത്.സമാനതകളില്ലാത്ത സേവനം അവസാനിപ്പിച്ചാണ് ജനങ്ങളുടെ പ്രിയപ്പെട്ട ഡോക്ടര്‍ എന്നന്നേക്കുമായി വിടവാങ്ങിയത്.
അച്ഛൻ: പരേതനായ ഡോ. എജി. നമ്പ്യാര്‍. അമ്മ: പരേതയായ എകെ ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: പിഒ ശകുന്തള. മക്കള്‍: ഡോ. ബാലഗോപാൽ, വിദ്യ. മരുമക്കള്‍: ഡോ. തുഷാരാ ബാലഗോപാൽ, ഭാരത് മോഹൻ.
അനുശോചിച്ച് മുഖ്യമന്ത്രി
ജനകീയ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന കണ്ണൂർ താണയിലെ ഡോ. എ.കെ. രൈരു ഗോപാലിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അര നൂറ്റാണ്ടോളം രോഗികളിൽ നിന്ന് രണ്ട് രൂപ ഫീസ് മാത്രം ഈടാക്കിയായിരുന്നു അദ്ദേഹത്തിന്‍റെ പരിശോധന. പാവപ്പെട്ട രോഗികൾക്ക് ഏറെ ആശ്വാസമായിരുന്നു അദ്ദേഹത്തിന്‍റെ സേവന സന്നദ്ധത എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.