കണ്ണൂർ സർവ്വകലാശാല പരീക്ഷാ നടത്തിപ്പിൽ വീഴ്ച, 2020 ലെ ചോദ്യ പേപ്പർ ആവർത്തിച്ചു, സൈക്കോളജി പരീക്ഷ റദ്ദാക്കി

By Web TeamFirst Published Apr 22, 2022, 4:27 PM IST
Highlights

മൂന്നാം സെമസ്റ്റർ സൈക്കോളജി പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ആവർത്തിച്ചത്. ഇന്നലെയും ഇന്നും നടന്ന പരീക്ഷകൾക്കാണ് 2020 ലെ ചോദ്യപേപ്പർ ഉപയോഗിച്ചത്.

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിലെ (Kannur University) പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച. സൈക്കോളജി (Psychology) ബിരുദ പരീക്ഷകളിൽ 2020 തിലെ അതേ ചോദ്യപേപ്പർ ഇത്തവണയും ആവർത്തിച്ചു. മൂന്നാം സെമസ്റ്റർ സൈക്കോളജി പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ആവർത്തിച്ചത്. ഇന്നലെയും ഇന്നും നടന്ന പരീക്ഷകൾക്കാണ് 2020 ലെ ചോദ്യപേപ്പർ ഉപയോഗിച്ചത്. ചോദ്യപേപ്പറുകളുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ചോദ്യപ്പേപ്പർ ആവർത്തിച്ച സംഭവത്തിലെ വീഴ്ച സമ്മതിച്ച സർവ്വകലാശാല വൈസ് ചാൻസിലർ, കഴിഞ്ഞ രണ്ട് പരീക്ഷകളും റദ്ദാക്കിയതായി അറിയിച്ചു. ചോദ്യപ്പേപ്പർ ആവർത്തിച്ച സംഭവം പഠിക്കാൻ അന്വേഷണ കമ്മീഷനെയും നിയോഗിച്ചതായി സർവ്വകലാശാല അറിയിച്ചു. അടുത്ത ദിവസങ്ങളിൽ നടക്കാനുള്ള പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന ആരോപണം  ഇതിനോടകം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ വിഷയത്തിൽ ഇനി നടക്കാനുള്ള പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്. ഇക്കാര്യമാവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ. ആർകെ ബിജു വൈസ് ചാൻസിലർക്ക് കത്ത് നൽകി.  വിഷയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ വിദ്യാർത്ഥി യൂണിയനുകൾ സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. 

യൂണിഫോം എങ്ങനെയാവണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാം; വിവാദമാകുന്നവ പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ യൂണിഫോം എങ്ങനെ വേണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. യൂണിഫോം ജെണ്ടർ അതത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. വിവാദമാകുന്നവ പാടില്ല. കുട്ടികൾക്ക്  സൗകര്യപ്രദം ആവുന്നത് തീരുമാനിക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു. 

ജെണ്ടർ ന്യൂട്രൽ യൂണിഫോമുകൾ സംബന്ധിച്ച ചർച്ചകൾ സജീവമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. 7077 സ്‌കൂളുകളിൽ 9,57,060 കുട്ടികൾക്ക് കൈത്തറി യൂണിഫോമുകൾ വിതരണം ചെയ്യും. മെയ് 6ന് സംസ്ഥാനതല ഉദ്‌ഘാടനം നടക്കും. 

പ്ലസ് വൺ പരീക്ഷാ തീയതിയിൽ മാറ്റമുണ്ട്. പ്ലസ് വൺ മാതൃകാ പരീക്ഷ ‌ ജൂൺ 2ന് തുടങ്ങും. പ്ലസ് വൺ പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനം ഏപ്രിൽ 27 മുതൽ ആരംഭിക്കും. ജൂൺ ഒന്നിന് പ്രവേശനോത്സവം നടത്തും.  ഫോക്കസ് ഏരിയ ആശങ്ക വേണ്ട. പ്ലസ് വൺ പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ ഇല്ല. ഈ സൗകര്യം കൂടി നോക്കിയാണ് പരീക്ഷ നീട്ടിയത്. 

മെയ് രണ്ടാം വാരം മുതൽ അധ്യാപകർക്ക് പരിശീലനം നൽകും.  അക്കാദമിക് നിലവാരം മെച്ചപ്പെടുത്താനാണ് പരിശീലനം.  ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളിലായുള്ള 1.34 ലക്ഷം അധ്യാപകർക്കാണ് പരിശീലനം നൽകുന്നത്. പാഠപുസ്തകങ്ങൾ അച്ചടി പൂർത്തിയായി വിതരണത്തിന് തയ്യാറായി. ഏപ്രിൽ 28ന് പാഠപുസ്തക വിതരണം ഉദ്‌ഘാടനം ചെയ്യും. 


 

click me!