മികവും പരിചയ സമ്പത്തുമുള്ള അധ്യാപകരെ തഴഞ്ഞു: ഹൈക്കോടതി വിധിയിൽ ഉത്തരം മുട്ടി കണ്ണൂര്‍ സര്‍വ്വകലാശാല

Published : Nov 17, 2022, 06:13 PM ISTUpdated : Nov 17, 2022, 06:14 PM IST
മികവും പരിചയ സമ്പത്തുമുള്ള അധ്യാപകരെ തഴഞ്ഞു: ഹൈക്കോടതി വിധിയിൽ ഉത്തരം മുട്ടി കണ്ണൂര്‍ സര്‍വ്വകലാശാല

Synopsis

കണ്ണൂർ സർവ്വകലാശാല മലയാളം അസോ. പ്രൊഫസർ തസ്തികയിലേക്ക് നടന്ന അഭിമുഖത്തിൻ്റെ നടപടി ക്രമവും അതിലെ തിടുക്കവും പരിശോധിച്ചാൽ തന്നെ കാര്യങ്ങൾ അത്ര വെടിപ്പല്ലെന്ന് വ്യക്തമാകും. കഴിഞ്ഞ വർഷം നവംബർ 12 ആയിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 

കണ്ണൂര്‍: റിസർച്ച് സ്കോറിലും അധ്യാപന  പരിചയത്തിലുമെല്ലാം മുന്നിലുള്ള അധ്യാപകരെ അപ്പാടെ തഴഞ്ഞ് കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന് അഭിമുഖത്തിൽ ഒന്നാം റാങ്ക് നൽകിയതാണ് കണ്ണൂർ സർവ്വകലാശാലയെ പ്രതിക്കൂട്ടിലാക്കിയത്.  പ്രിയയ്ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ പോലും യോഗ്യതയില്ലെന്ന പരാതിപോലും പരിശോധിക്കാതെ നിയമനത്തിന് ചരടുവലിച്ചത് വൈസ് ചാൻസിലർ നേരിട്ടായിരുന്നു.

കണ്ണൂർ സർവ്വകലാശാല മലയാളം അസോ. പ്രൊഫസർ തസ്തികയിലേക്ക് നടന്ന അഭിമുഖത്തിൻ്റെ നടപടി ക്രമവും അതിലെ തിടുക്കവും പരിശോധിച്ചാൽ തന്നെ കാര്യങ്ങൾ അത്ര വെടിപ്പല്ലെന്ന് വ്യക്തമാകും. കഴിഞ്ഞ വർഷം നവംബർ 12 ആയിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 

ഉദ്യോഗാർത്ഥികൾ നൽകിയ മുഴുവൻ റെക്കോർഡും പിറ്റേന്നു തന്നെ സൂക്ഷ്മ  പരിശോധന നടത്തി പത്ത് പേരുടെ ചുരുക്കപ്പട്ടികയുണ്ടാക്കി.  നാല് ദിവസത്തിനകം ശേഷം അഭിമുഖം.  പ്രിയയ്ക്ക് അഭിമുഖത്തിന് അപേക്ഷിക്കാൻ പോലുമുള്ള അധ്യാപന പരിചയം ഇല്ലെന്ന പരാതിയും  സമരവുമൊക്കെ കണ്ടില്ലെന്ന് നടിച്ചായിരുന്നു നീക്കങ്ങൾ. നിയമനത്തിന് മുന്നിട്ടിറങ്ങിയത് വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ നേരിട്ടായിരുന്നു. 

സർവ്വകലാശാലയ്ക്ക് സമയമില്ലാത്തത് കൊണ്ടാണ് ഒരാഴ്ചകൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് എന്ന് പറ‌ഞ്ഞ വിസി പക്ഷെ പ്രിയയ്ക്ക് ഒന്നാം റാങ്ക് നൽകിയ പട്ടിക പുറത്ത് വിടാതെ ഏഴുമാസക്കാലം അതിൻമേൽ അടയിരുന്നു. പതിയെ പതിയെ വാ‍ർത്തയും വിവാദവും കെട്ടടങ്ങുമെന്നും അപ്പോൾ റാങ്ക് പട്ടിക പുറത്ത് വിട്ട് നിയമനം നൽകാം എന്നുമായിരുന്നു കണക്കുകൂട്ടൽ. 

പക്ഷെ അപ്പോഴേക്കും ബന്ധുനിയമനത്തിനെതിരെ  ഗവർണർ രംഗത്തെത്തി. രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയ ഹൈക്കോടതിയെയും സമീപിച്ചു. ജോസഫ് സ്‍കറിയക്ക് പ്രിയയെക്കാൾ അഞ്ച് വർഷത്തിലേറെ അധ്യാപന പരിചയവും നാലിരട്ടി റിസർച്ച് സ്കോറും പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളുമുണ്ട്.

പ്രിയ വർഗ്ഗീസിന് ഒന്നാംറാങ്ക് കൊടുത്ത് നാലു ദിവസത്തിനകം ഗോപിനാഥ് രവീന്ദ്രന് വൈസ് ചാൻസിലർ സ്ഥാനത്ത് പുനർ നിയമനം കിട്ടി. പ്രിയയുടെ നിയമനത്തിനായി ചരടുവലിച്ച  കണ്ണൂർ വിസി കോടതി വിധി വന്നപ്പോൾ പക്ഷേ മൗനത്തിലാണ്.

 

 

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം