Asianet News MalayalamAsianet News Malayalam

വനിതകൾ മെറ്റേണിറ്റി ലീവിൽ പോകുന്നത് എക്സ്പീരിയൻസിൽ ഉൾപ്പെടില്ലേ? പ്രിയ വർഗീസ് വിധിയിൽ പ്രതികരിച്ച് എംവി ജയരാജൻ

വനിതകൾ മെറ്റേണിറ്റി ലീവിൽ പോകുന്നത് എക്സ്പീരിയൻസിൽ ഉൾപ്പെടില്ലേ എന്നായിരുന്നു  എം വി ജയരാജന്‍റെ ചോദ്യം. സേവന കാലം സംബന്ധിച്ച ദുർവ്യഖ്യനങ്ങൾക്ക് ഹൈക്കോടതിയുടെ വിധി കാരണമാകുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

M V Jayarajan  response on high court order about appointment of Priya varghese
Author
First Published Nov 17, 2022, 5:16 PM IST

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ പ്രിയ വര്‍ഗീസിന്‍റെ യോഗ്യത പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് എം വി ജയരാജൻ. ഹൈക്കോടതി വിധി ചില പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് എം വി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

അധ്യാപകർ ജോലിയുടെ ഭാഗമായി ഡെപ്യൂട്ടേഷനിൽ പോകാറുണ്ട്. അത് അക്കാദമിക്ക് ഡെപ്യൂട്ടേഷനും നോൺ  അക്കാദമിക്ക് ഡെപ്യൂട്ടേഷനും ഉണ്ട്. അക്കാദമിക്ക് ഡെപ്യൂട്ടേഷൻ അധ്യാപന കാലമായി പരിഗണിച്ചില്ലെങ്കിൽ ഒരു പാട് അധ്യാപകർക്ക് തിരിച്ചടിയാകുമെന്ന് എം വി ജയരാജൻ പറഞ്ഞു. അക്കാദമിക് ഡെപ്യൂട്ടേഷന്‍റെ ഭാഗമായാണ് പി എച്ച് ഡി എടുക്കുന്നത്. ആ കാലം സർവ്വീസ് ആയി പരിഗണിക്കില്ലെന്ന് പറയുന്നത് ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും വിധി സ്ത്രീ സമൂഹത്തിന് വെല്ലുവിളിയാണെന്നും എം വി ജയരാജൻ പറഞ്ഞു. 

Also Read: പ്രിയ വര്‍ഗ്ഗീസിന് തിരിച്ചടി: അസോ.പ്രൊഫസര്‍ പദവിക്ക് അപേക്ഷിക്കാൻ അയോഗ്യയെന്ന് ഹൈക്കോടതി

വനിതകൾ മെറ്റേണിറ്റി ലീവിൽ പോകുന്നത് എക്സ്പീരിയൻസിൽ ഉൾപ്പെടില്ലേ എന്നായിരുന്നു  എം വി ജയരാജന്‍റെ ചോദ്യം. മെറ്റേണിറ്റി പിരീഡ് സേവന കാലമായി പരിഗണിക്കുന്നുണ്ട്. എന്നാൽ ഈ വിധിയോടെ അതെല്ലാം പ്രശ്നത്തിലാവുന്നു. സേവന കാലം സംബന്ധിച്ച ദുർവ്യഖ്യനങ്ങൾക്ക് ഹൈക്കോടതിയുടെ വിധി കാരണമാകുമെന്നും അദ്ദേഹം വിമര്‍ശിച്ചു. വിധി രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറാക്കാനുള്ള നീക്കത്തിന് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയാണ് ഇന്ന് ഉണ്ടായത്. പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് വ്യക്തമാക്കിയ കോടതി തീരുമാനം പുനഃപരിശോധിച്ച് റാങ്ക് പട്ടിക പുനഃക്രമീകരിക്കാൻ കണ്ണൂര്‍ സർവ്വകലാശയ്ക്ക് നിർദ്ദേശം നൽകി. മതിയായ യോഗ്യതയുണ്ടെന്ന പ്രിയ വർഗീസിന്‍റെയും യൂണിവേഴ്സ്റ്റിയുടെയും വാദങ്ങൾ കോടതി പൂർണ്ണമായി തള്ളി.

അസോസിയേറ്റ് പ്രൊഫസർ റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനായ പ്രൊഫസർ ജോസഫ് സ്കറിയ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണ്ണായക വിധി. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യുജിസി ചട്ടപ്രകാരം വേണ്ട എട്ട് വർഷത്തെ അധ്യാപന പരിചയം പ്രിയ വർഗീസിനില്ലെന്ന് കോടതി കണ്ടെത്തി.  തുടർന്നാണ് പ്രിയ വർദീസിന്‍റെ യോഗ്യത പുനഃപരിശോധിക്കാൻ കോടതി സർവ്വകലാശാലയ്ക്ക്  നിർദ്ദേശം നൽകിയത്. റാങ്ക് പട്ടികയിൽ പ്രിയ വേണോ എന്ന് പുനഃപരിശോധിക്കാൻ സർവ്വകലാശാലയോട് നിർദ്ദേശിച്ച കോടതി പട്ടിക പുനഃക്രമീകരിച്ച് നിയമനം നടത്താനും നി‍ദ്ദേശം നൽകി.

Follow Us:
Download App:
  • android
  • ios