
കണ്ണൂർ: യോഗ്യത സംബന്ധിച്ച യുജിസി മാർഗനിർദ്ദേശത്തിൽ വിട്ടുവീഴ്ച സാധ്യമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ ആണ് പ്രിയ വർഗീസിനായി ഇനി അപ്പീൽ പോകേണ്ടതില്ലെന്ന് സർവ്വകലാശാല തീരുമാനിച്ചത്. അപ്പീൽ പോയാലും കെടിയു, കുഫോസ് കേസിലെ വിധികളുടെ പശ്ചാത്തലത്തിൽ കോടതിയിൽ നിന്ന് കനത്ത തിരിച്ചടി കിട്ടാനാണ് സാധ്യത എന്നും സർവകലാശാല കരുതുന്നു.
പ്രൊഫസർ ജോസഫ് സ്കറിയയുടെ ഹർജിയിൽ വിധി വരുന്നത് വരെ പ്രിയ വർഗീസിനെ നിയമിക്കാനുള്ള നീക്കത്തെ പൂർണ്ണമായി ന്യായീകരിക്കുകയായിരുന്നു കണ്ണൂർ സർവ്വകലാശാല. അതിവേഗം ഇന്‍റർവ്യു നടത്തിയതും മിനിമം യോഗ്യതയില്ലാത്ത ആളെ ഒന്നാമതാക്കിയതിലും കോടതി വിധിയോടെ പ്രതിക്കൂട്ടിലാണ് കണ്ണൂർ വിസിയും സർവ്വകലാശാലയും. ഇനി ഇത് ചോദ്യം ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ അപ്പീൽ പോയാലും തിരിച്ചടിയാകും ഫലം. കുഫോസ് കേസിലും, കെടിയു കേസിലും കോടതി ഉയത്തിപ്പിടിച്ചത് യുജിസി മാർഗരേഖയാണ്. സംസ്ഥാന സർക്കാർ നിയമനിർമ്മാണകൊണ്ട് യുജിസി മാർഗരേഖ മറികടക്കാനാകില്ലെന്ന് കോടതി ഈ വിധിയിലും ആവർത്തിച്ചിട്ടുണ്ട്.
2018ലെ യുജിസി മാർഗരേഖ പ്രകാരം അസോസിയേറ്റ് പ്രൊഫസർ ആകാൻ മിനിമം 8 വർഷം അധ്യാപന പരിചയം തന്നെവേണം. ഫാക്കൽറ്റി ഡെവലപ്പ്മെന്‍റ് പ്രൊഗ്രാമിന്‍റെ ഭാഗമായി ഡെപ്യൂട്ടേഷനിൽ പി.എച്ച്.ഡി ചെയ്തത് അധ്യാപന പരിചയമല്ലെന്ന് യുജിസി വ്യക്തതമാക്കിയിട്ടുണ്ട്. ഈ കാലയളവിൽ ടീച്ചിംഗ് ചെയ്തിട്ടുണ്ടോ എന്ന ഹൈക്കോടതി ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് പ്രിയ വർഗീസും സർവ്വകലാശാലയും കോടതിയെ അറിയിച്ചത്. അതിനാൽ അത് യോഗ്യതയായി പരിഗണിക്കാൻ കഴിയില്ല. അതായത് അപേക്ഷകയ്ക്ക് മിനിമം അധ്യാപന പരിചയമില്ലാതിരുന്നിട്ടും അപേക്ഷ പരിഗണിച്ചു എന്ന് മാത്രമല്ല ഒന്നാമതാക്കുകയും ചെയ്തു.
യുജിസി ചട്ടം ഇഴകീറി പരിശോധിച്ച് ഇക്കാര്യം കോടതി വ്യക്തമാക്കിയതിനാൽ ഇനി നിയമ പോരാട്ടത്തിന് സാധ്യതയില്ലെന്ന് മാത്രമല്ല സർവ്വകലാശാല നടപടി തന്നെ കൂടുതൽ പ്രശ്തനത്തിലാകും. യുജിസി മാർഗനിർദ്ദേശത്തിൽ വിട്ട് വീഴ്ചയില്ലെന്ന് ഹൈക്കോടതി അക്കമിട്ട് നിരത്തിയതോടെയാണ് പ്രിയ വർഗീസിനായി ഇനി അപ്പീൽ പോകേണ്ടതില്ലെന്ന് സർവ്വകലാശാല തീരുമാനിച്ചത്. കെടിയു , കുഫോസ് കേസിലെ വിധികളുടെ പശ്ചാത്തലത്തിൽ ഇനി അപ്പീൽ പോയാലും കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയാകും സർവ്വകലാശാലയ്ക്ക് ലഭിക്കുക. കുഫോസ് കേസിൽ വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് ബഞ്ചിൽ അപ്പീലുമായി എത്തിയാൽ മറിച്ച് വിധിയുണ്ടാകില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam