Asianet News MalayalamAsianet News Malayalam

നിയമന വിവാദം: ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകില്ല; വിധി നിരവധി അധ്യാപകരെ ബാധിക്കുന്നത്: ഗോപിനാഥ് രവീന്ദൻ

ഷോർട്ട് ലിസ്റ്റിലെ മൂന്ന് പേരുടെയും യോഗ്യതകൾ വീണ്ടും പരിശോധിക്കും. ഹൈക്കോടതി വിധി നടപ്പിലാക്കാതിരിക്കാൻ കഴിയില്ലെന്നും കണ്ണൂർ വിസി

Kannur VC Gopinath Raveendran says university wont file appeal Priya Varghese case
Author
First Published Nov 18, 2022, 10:55 AM IST

കണ്ണൂർ: പ്രിയ വർഗീസിന്റെ നിയമന വിവാദത്തിൽ യോഗ്യത സംബന്ധിച്ച് യുജിസിയോട് വ്യക്തത തേടിയിരുന്നുവെന്നും എന്നാൽ ഇതുവരെയും മറുപടി കിട്ടിയില്ലെന്നും കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രൻ. ഹൈക്കോടതി വിധി പ്രകാരം റിസർച്ച് എക്സ്പീരിയൻസ് ടീച്ചിങ് എക്സ്പീരിയൻസ് ആകില്ല. വിധിപ്പകർപ്പ് കിട്ടിയാലേ കൂടുതൽ വ്യക്തത വരികയുള്ളൂ. വിധി വളരെയധികം അധ്യാപകരെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് 2021 ജൂലൈ 19 നാണ്. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടന്നതിന് ശേഷം പ്രിയയോട് കൂടുതൽ സർട്ടിഫിക്കറ്റുകൾ ഉണ്ടെകിൽ ഹാജരാക്കാൻ പറഞ്ഞു. അപേക്ഷകൾ ഒരിക്കൽ കൂടി സ്ക്രീൻ ചെയ്യാനാണ് കോടതി പറഞ്ഞത്. യുജിസി നിർദ്ദേശിച്ച എല്ലാ കാര്യങ്ങളും ചെയ്തിട്ടാണ് സർവകലാശാല മുന്നോട്ട് പോയത്. സ്ക്രീനിങ് കമ്മിറ്റിയും സെലക്ഷൻ കമ്മിറ്റിയും ഉണ്ടായിരുന്നു.

കേസിൽ അപ്പീൽ നൽകാൻ സർവകലാശാല ആലോചിക്കുന്നില്ല. ഏറെ പണച്ചെലവുള്ള കാര്യമാണത്. ഷോർട്ട് ലിസ്റ്റിലെ മൂന്ന് പേരുടെയും യോഗ്യതകൾ വീണ്ടും പരിശോധിക്കും. ഹൈക്കോടതി വിധി നടപ്പിലാക്കാതെ വഴിയില്ല. എഫ് ഡി പി എടുത്ത് റിസർച്ച് ചെയ്യാൻ പോവുന്ന നിരവധി പേരുണ്ട് അവർക്ക് ഈ വിധി ബാധകമാവും. പ്രിൻസിപ്പൽ സ്ഥാനത്തേക്ക് പുതിയ യുജിസി മാർഗനിർദ്ദേശം പ്രകാരം അപേക്ഷിക്കുമ്പോൾ പല അധ്യാപകർക്കും ഈ വിധി തിരിച്ചടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റാങ്ക് ലിസ്റ്റ് പുനപരിശോധിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. അത് ചെയ്യും. പ്രിയ വർഗീസ് അടക്കം ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരുടെയും റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കും. ഓരോ സെലക്ഷൻ കമ്മറ്റിയിലും വിസിക്ക് പോകാൻ കഴിയില്ല. ഇൻറർവ്യു കമ്മറ്റിക്ക് അക്കാര്യം മാത്രമേ നോക്കണ്ട കാര്യമുള്ളൂ. എങ്ങനെ ലിസ്റ്റിൽ എത്തി എന്ന് നോക്കേണ്ട കാര്യമില്ല. ഇൻറർവ്യു ദൃശ്യങ്ങൾ തരുന്നത് നല്ല രീതിയല്ല. അവിടെ അഭിമുഖത്തിന് വന്ന എല്ലാവരോടും സമ്മതം വാങ്ങി മാത്രമേ അത് ചെയ്യാനാവൂ. കോടതി ആവശ്യപ്പെട്ടാൽ അത് നൽകും. തേർഡ് പാർട്ടിക്ക് നൽകുന്നതിന് തടസങ്ങളുണ്ടെന്നും വിസി വ്യക്തമാക്കി.

പ്രിയ വർഗീസിനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യപ്പെട്ട ഡോക്യുമെൻ്റ് സ് കിട്ടിയാൽ കോടതി ഉത്തരവനുസരിച്ച് വീണ്ടും പരിശോധിക്കും. ഇനി അഭിമുഖമുണ്ടാവില്ല. പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് തെളിഞ്ഞാൽ സ്വാഭാവികമായും രണ്ടാം റാങ്കുകാരനെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios