ഗാന്ധി ഘാതകരുടെ ആത്മീയ, രാഷ്ട്രീയ ആചാര്യന്‍മാര്‍ക്ക് സിലബസില്‍ ഇടം നല്‍കരുതെന്ന് സതീശന്‍

By Web TeamFirst Published Sep 10, 2021, 6:17 PM IST
Highlights

കേരളീയ പൊതുസമൂഹത്തിലേക്ക് സര്‍വകലാശാലയിലൂടെ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള നീക്കം അപലപനീയമാണ്. ഇതിന് സംസ്ഥാന സര്‍ക്കാരിന്‍റെയും സിപിഎം നേതൃത്വത്തിന്‍റെയും ഒത്താശയുണ്ടോയെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യക്തമാക്കണമെന്നും സതീശന്‍.

തിരുവനന്തപുരം: എംഎ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് സിലബസില്‍ ആര്‍എസ്എസ് ആചാര്യന്‍മാരായ സവര്‍ക്കറുടെയും ഗോള്‍വര്‍ക്കറുടെയും ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയ നടപടി പിന്‍വലിക്കില്ലെന്ന നിലപാട് പുനഃപരിശോധിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗാന്ധി ഘാതകരുടെ ആത്മീയ, രാഷ്ട്രീയ ആചാര്യന്‍മാര്‍ക്ക് സിലബസില്‍ ഇടം നല്‍കിയ സര്‍വകലാശാല നടപടി അംഗീകരിക്കാനാകില്ല.

കേരളീയ പൊതുസമൂഹത്തിലേക്ക് സര്‍വകലാശാലയിലൂടെ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള നീക്കം അപലപനീയമാണ്. ഇതിന് സംസ്ഥാന സര്‍ക്കാരിന്‍റെയും സിപിഎം നേതൃത്വത്തിന്‍റെയും ഒത്താശയുണ്ടോയെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു തീവ്ര വലതുപക്ഷ നിലപാടാണ്. ബിജെപിയുടെ തീവ്രവലതുപക്ഷ നിലപാടിനൊപ്പമാണോ കേരളത്തിലെ സര്‍വകലാശാലകളും സിപിഎമ്മും നില്‍ക്കുന്നതെന്ന് വ്യക്തമാക്കണം.

ഈ തീരുമാനം ഒരിക്കലും അംഗീകരിക്കാനാകില്ല. സിലബസ് പിന്‍വലിക്കാന്‍ സര്‍വകലാശാല തയാറാകണം. മതാധിപത്യ രാഷ്ട്രം ഉണ്ടാക്കാന്‍ വേണ്ടി ശ്രമിച്ചവരാണ്  സവര്‍ക്കറും ഗോള്‍വര്‍ക്കറും.  അവരുടെ തത്വസംഹിതകളാണ അതോ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും തത്വസംഹിതകളാണോ നമ്മുടെ കുട്ടികള്‍ പഠിക്കേണ്ടതെന്നും സതീശന്‍ ചോദിച്ചു.

അതേസമയം, എംഎ പൊളിറ്റിക്സ് ആന്റ് ഗവേണൻസ് കോഴ്സിന്റെ വിവാദ സിലബസുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാലയിൽ കാവിവത്കരണമെന്ന വാദത്തെ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ തള്ളി. അധ്യാപകരുടെ കണ്ണിലൂടെ നോക്കുമ്പോൾ ചില പോരായ്മകൾ സിലബസിലുണ്ടെന്ന് പറഞ്ഞ അദ്ദേഹം പുസ്തകങ്ങളുടെ പേരിനൊപ്പം വിശദമായ വിവരണം കൂടി വേണമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.
വിവാദമാവുകയും പ്രതിഷേധം ഉയരുകയും ചെയ്ത പശ്ചാത്തലത്തിൽ സിലബസ് പരിശോധിക്കാൻ രണ്ടംഗ കമ്മിറ്റിയെ നിയമിച്ചെന്ന് വിസി പറഞ്ഞു.

യൂണിവേഴ്സിറ്റിക്ക് പുറത്ത് നിന്നുള്ള പൊളിറ്റിക്കൽ സയൻസ് അധ്യാപകരായ ജെ പ്രഭാഷ്, പ്രൊഫ പവിത്രൻ എന്നിവർക്കാണ് ചുമതല. സമിതി അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ട് പഠിച്ച ശേഷം സിലബസ് പിൻവലിക്കണോയെന്ന് തീരുമാനിക്കുമെന്നും വിസി അറിയിച്ചു. ഒപ്പം സിലബസിൽ ഹിന്ദു ആശയവാദികളുടെ അഞ്ച് പുസ്തങ്ങൾ വേണ്ടിയിരുന്നില്ലെന്നും വിസി അഭിപ്രായപ്പെട്ടു.

രണ്ട് പേരുടെ പുസ്തകങ്ങൾ മതിയായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം, ഇടതുപക്ഷ ചിന്തകരുടെ പുസ്തകങ്ങൾ സിലബസിൽ ഇല്ലാത്തത് വീഴ്ചയാണെന്നും പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകി. പ്രത്യേക സംഘത്തെ രൂപീകരിച്ചെന്നും അവരുടെ നിർദ്ദേശ പ്രകാരം തുടർ നടപടി എടുക്കാമെന്നും മന്ത്രിയെ അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!