
കോഴിക്കോട്: അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സംസാരിച്ചെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ മകൻ അബ്ദുൽ ഹകീം അസ്‌ഹരി അറിയിച്ചു. രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കാന്തപുരത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രക്ത സമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യ നിലയിൽ തൃപ്തികരമായ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതരും അറിയിച്ചിരുന്നു. സമസ്ത പുറത്തിറക്കിയ വാർത്താക്കുറപ്പിൽ മരുന്നുകളോട് കൃത്യമായി പ്രതികരിക്കുകയും അടുത്ത ബന്ധുക്കളുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
ചികിത്സയ്ക്ക് വേണ്ടി രൂപീകരിച്ച പ്രത്യേക മെഡിക്കൽ ബോർഡിന്റെ നിരീക്ഷണത്തിലാണ് കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാര്‍. ഹോസ്പിറ്റലിന്റെ പ്രവർത്തനങ്ങൾക്കും ഉസ്താദിന്റെ ചികിത്സക്കും അസൗകര്യങ്ങൾ ഉണ്ടാകാതിരിക്കാൻ സന്ദർശനം ഒഴിവാക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ബന്ധപ്പെട്ട വിവരങ്ങൾ മർകസ് ഓഫീസിൽ നിന്ന് സമയാസമയങ്ങളിൽ അറിയിക്കുന്നതാണെന്നും മർക്കസ് അധികൃതർ അറിയിച്ചു.
സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ രോഗശമനത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥന തുടരണമെന്നും ''മർകസു സഖാഫത്തി സുന്നിയ്യ അധികൃതര്‍ അഭ്യർത്ഥിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. എത്രയും വേഗം സുഖംപ്രാപിച്ച് സമൂഹത്തിനും നാടിനും കൂടുതല്‍ ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാര്‍ക്ക് കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിൽ ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam