
കോഴിക്കോട്: വഖ്ഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ കേന്ദ്ര വഖഫ് പോർട്ടലായ ഉമീദിൽ രജിസ്റ്റർ ചെയ്യേണ്ട സമയപരിധി ഡിസംബർ 5 ന് അവസാനിക്കാനിരിക്കെ പോർട്ടലിന്റെ അപാകതകൾ പരിഹരിക്കണമെന്നും അപ്‌ലോഡിങ് പ്രക്രിയക്ക് സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വഖഫ് ചുമതലയുള്ള ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജ്ജുവിനും കത്തയച്ചു. നിലവിൽ രാജ്യവ്യാപകമായി അപ്‌ലോഡിങ് പ്രക്രിയ നടക്കുന്നുണ്ടെങ്കിലും വൈബ്‌സൈറ്റിന്റെ സാങ്കേതിക പോരായ്മകൾ കാരണം സമയദൈർഘ്യവും സബ്മിഷൻ സങ്കീർണതകളും നടപടിക്രമങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
പുതുതായി അവതരിപ്പിച്ച പോർട്ടൽ എന്ന നിലയിൽ നിരവധി പോരായ്മകൾ ഈ പ്ലാറ്റ്‌ഫോമിനുണ്ട്. കൂടാതെ സവിശേഷ വൈബ്‌സൈറ്റ് സംബന്ധിച്ച ഡിജിറ്റൽ സാക്ഷരതയും ഉപയോക്താക്കളെ വലട്ടുന്നു. ബോധവത്കരണ പ്രവർത്തനങ്ങളും പോർട്ടലിന്റെ അപ്‌ഡേഷനും ഇനിയും നടക്കേണ്ടതുണ്ടെന്നും അപ്‌ലോഡ് ചെയ്യാനുള്ള കാലാവധി ഒരു വർഷം വരെയെങ്കിലും നീട്ടിത്തരണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
കുറഞ്ഞ സമയപരിധി ആയിരക്കണക്കിന് മുതവല്ലികളെയും വഖഫ് സ്വത്തുക്കളെയും പിഴ നൽകാനുള്ള സാധ്യതയിലേക്ക് നയിക്കുന്നുവെന്നും സർക്കാർ പ്ലാറ്റ്‌ഫോമിലെ പ്രവർത്തനപരമായ സാങ്കേതിക തകരാറുകൾക്ക് ഉപയോക്താക്കളെ ശിക്ഷിക്കരുതെന്നും കത്തിൽ പറയുന്നു. വഖ്ഫ് ഭേദഗതിയിലും അപ്‌ലോഡിങ് സാവകാശം ആവശ്യപ്പെട്ടും വിവിധ കക്ഷികൾ ഉന്നയിച്ച ഹരജികൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ രജിസ്‌ട്രേഷൻ നടപടികൾ അവസാനിപ്പിക്കുന്നത് ഏറെ ആശങ്കാജനകവും സങ്കീർണവുമാണെന്നാണ് വിവിധ മുസ്‌ലിം സംഘടനകളും മഹല്ല് കൂട്ടായ്മകളും ആശങ്കപ്പെട്ടു.