കാസർകോട് മെഡിക്കൽ കോളേജ്: പ്രത്യേക നിയമനം അഴിമതിക്ക് കളമൊരുക്കുമെന്ന് എംപി; മറുപടിയുമായി റവന്യുമന്ത്രി

By Web TeamFirst Published Apr 11, 2020, 2:52 PM IST
Highlights

കാഞ്ഞങ്ങാട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി നിർമ്മിച്ചിരിക്കുന്നത് തണ്ണീർത്തട നിയമങ്ങൾ ലംഘിച്ചാണെന്ന് മന്ത്രി പറഞ്ഞു. ഇക്കാരണത്താലാണ് നഗരസഭ അനുമതി നൽകാതിരുന്നത്

കാസർകോട്: കാസർകോട് മെഡിക്കൽ കോളേജിലേക്ക് ഓൺലൈൻ പരീക്ഷ നടത്തി നിയമനം നടത്താനുള്ള നീക്കം എതിർത്ത് എംപി രാജ്മോഹൻ ഉണ്ണിത്താൻ. ഏഷ്യാനെറ്റ് ന്യൂസിന്റെ കരകയറാൻ പരിപാടിയിൽ മന്ത്രി ഇപി ചന്ദ്രശേഖരനോടായിരുന്നു ചോദ്യം. കാഞ്ഞങ്ങാട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി തുടങ്ങാൻ സിപിഎം ബ്രാഞ്ച് കമ്മിറ്റിയും മുനിസിപ്പാലിറ്റിയും തടസം നിൽക്കുന്നുവെന്നും എംപി ആരോപിച്ചു. എന്നാൽ രണ്ട് ആരോപണങ്ങളും കാഞ്ഞങ്ങാട് എംഎൽഎയും റവന്യുമന്ത്രിയുമായ ഇ ചന്ദ്രശേഖരൻ തള്ളി. 

ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജിലേക്ക് നിലവിലെ പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമനം നടത്തണമെന്നായിരുന്നു എംപിയുടെ ആവശ്യം. ഇവിടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ മാത്രം നിർമ്മാണമാണ് പൂർത്തിയായിരിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. ആശുപത്രി പ്രവർത്തനം തുടങ്ങാൻ 273 പോസ്റ്റുകളാണ് മന്ത്രിസഭാ യോഗം അനുവാദം നൽകിയത്. നിലവിലെ നിയമത്തിന്റെ അഠിസ്ഥാനത്തിലും നടപടി ക്രമം പാലിച്ചുമാകും നിയമനം. പിഎസ്‌സി വഴി നടത്തേണ്ട നിയമനങ്ങൾ അങ്ങിനെ മാത്രമേ നടത്തൂവെന്നും ഇക്കാര്യത്തിൽ എന്തെങ്കിലും ആശയകുഴപ്പം ഉണ്ടെങ്കിൽ ആരോഗ്യവകുപ്പുമായി സംസാരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം കാസർകോട് മെഡിക്കൽ കോളേജായി മാറണമെങ്കിൽ വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലുകൾ, ജീവനക്കാർക്കും അധ്യാപകർക്കുമുള്ള റസിഡൻഷ്യൽ കെട്ടിടങ്ങൾ തുടങ്ങിയവ നിർമ്മിക്കേണ്ടത്. എംസിഐ മാനദണ്ഡങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്. അതിലൊന്നും അഴിമതിക്കുള്ള യാതൊരു സാഹചര്യവുമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം കാഞ്ഞങ്ങാട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി നിർമ്മിച്ചിരിക്കുന്നത് തണ്ണീർത്തട നിയമങ്ങൾ ലംഘിച്ചാണെന്ന് മന്ത്രി പറഞ്ഞു. ഇക്കാരണത്താലാണ് നഗരസഭ അനുമതി നൽകാതിരുന്നത്. അതിൽ എംപി ആരോപിക്കുന്ന തരത്തിൽ രാഷ്ട്രീയ ഇടപെടൽ ഇല്ല. നിയമപരമായ എന്തെങ്കിലും പരിഹാരം ഇക്കാര്യത്തിൽ നടത്താനാവുമെങ്കിൽ അത് ചെയ്യുമെന്ന് സ്ഥലം എംഎൽഎ എന്ന നിലയിൽ ഉറപ്പുനൽകുന്നുവെന്നും മന്ത്രി പറഞ്ഞു.

കാസർകോടിന്റെ മലയോര മേഖലയിൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യം വേണമെന്ന് കോടം ബേളൂരിൽ നിന്ന് ജോസ് ആവശ്യപ്പെട്ടു. പൂടംകല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഡയാലിസിസ് അടക്കമുള്ള സൗകര്യം ഏർപ്പെടുത്തും. ഉദ്ഘാടനം കാത്തിരിക്കേണ്ടെന്നും എന്താവശ്യത്തിനും സൗകര്യങ്ങൾ ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

കാസർകോട് ജില്ലയിലെയും മഞ്ചേശ്വരത്തെയും ആരോഗ്യരംഗത്തെ അപര്യാപ്തതകൾ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ ചൂണ്ടിക്കാട്ടി. താലൂക്ക് ആശുപത്രിയെ സ്പെഷ്യാലിറ്റി ആശുപത്രിയെ ഉയർത്തണമെന്നും മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ ആവശ്യപ്പെട്ടു. ജില്ലയിലെ ചികിത്സാസംവിധാനത്തിന് വേണ്ടി ഇടപെടൽ നടത്തുമെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ കാസർകോടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി മറുപടി നൽകി. മംഗലാപുരം കേന്ദ്രീകരിച്ചായിരുന്നു കാസർകോട് ജില്ലയുടെ പ്രവർത്തനങ്ങൾ. അപര്യാപ്തതകളുണ്ടായിരുന്നുവെങ്കിലും ജില്ലയെ അവഗണിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ലോക്​ഡൗണിന് ശേഷം വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന പ്രവാസികളെ കേരളാസർക്കാർ സ്വീകരിക്കും. ഇതിന് എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് സർക്കാർ ചർച്ച ചെയ്യുകയും ആലോചിക്കുകയും ചെയ്യുന്നുണ്ട്. റൂം ക്വാറന്ർറൈന് അടക്കമുള്ള കാര്യങ്ങൾക്ക് വീട്ടിൽ സജീകര്യമില്ലാത്തവർക്ക് പ്രത്യേക സംവിധാനം ഒരുക്കും. ഇതിന് ആരോഗ്യ-പൊതുമരാമത്ത് വകുപ്പുകളടക്കം ചേർന്ന് സജീകരണങ്ങളൊരുക്കുന്നുണ്ട്. പ്രവാസികളെ കൈവെടിയില്ലെന്നും തിരിച്ചുവരുന്നവരെ സർക്കാർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കാസർകോടെ ചില സ്വകാര്യ ആശുപത്രികളെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തണോ എന്ന കാര്യങ്ങൾ ആരോഗ്യവകുപ്പുമായി ചേർന്ന് ചർച്ച ചെയ്ത് തീരുമാനിക്കും. കേന്ദ്ര-സംസ്ഥാനപദ്ധതികളായതിനാഷ ചർച്ച ആവശ്യമാണെന്നും ബിജെപി ജില്ലാ പ്രസിഡന്ർറ് കെ ശ്രീകാന്തിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.

click me!