Latest Videos

'എന്ത് കൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്തില്ല'; കാരക്കോണം മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ ഹൈക്കോടതി

By Web TeamFirst Published Aug 17, 2020, 3:05 PM IST
Highlights

അന്വേഷണ പുരോഗതി റിപ്പോർട്ട്‌ കൂടി പരിശോധിച്ചാണ് കോടതിയുടെ വാക്കാൽ വിമർശനം. തലവരി പണം വിദ്യാർത്ഥികൾക്ക് തിരിച്ചു നൽകിയത് കൊണ്ട് അഴിമതി ഇല്ലാതാകുന്നില്ലെന്ന് കോടതി വിമർശിച്ചു.

കൊച്ചി: കാരക്കോണം മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ അന്വേഷണ സംഘത്തിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. എന്ത് കൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന് കോടതി ചോദിച്ചു. സിഎസ്ഐ സഭാ അധ്യക്ഷൻ ബിഷപ് ധർമരാജ് രസലാം അടക്കമുള്ളവരുടെ അറസ്റ്റ് വൈകുന്നതിനെതിരെയാണ് കോടതിയുടെ വിമർശനം. അന്വേഷണ പുരോഗതി റിപ്പോർട്ട്‌ കൂടി പരിശോധിച്ചാണ് അന്വേഷണ സംഘത്തെ കോടതി വിമർശിച്ചത്. തലവരി പണം വിദ്യാർത്ഥികൾക്ക് തിരിച്ചു നൽകിയത് കൊണ്ട് അഴിമതി ഇല്ലാതാകുന്നില്ലെന്ന് കോടതി വിമർശിച്ചു.

സിഎസ്ഐ സഭയ്ക്ക് കീഴിലുള്ള മെഡിക്കൽ കോളേജാണ് കാരക്കോണം മെഡിക്കൽ കോളേജ്. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് മെഡിക്കൽ കോളേജ് അധികൃതർ നാല് പേരിൽ നിന്നായി 92.5 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. 2019 ഏപ്രിലിലാണ് കേസ് റജിസ്റ്റർ ചെയ്യുന്നത്. സീറ്റ് പേയ്മെന്‍റ് വിവാദത്തിൽ പുലിവാല് പിടിച്ച മുൻ സിപിഐ സ്ഥാനാർത്ഥി ഡോ ബെനറ്റ് എബ്രഹാമാണ് കേസിലെ മുഖ്യപ്രതി. വിവാദമുണ്ടായ കാലത്ത് കോളേജിന്‍റെ ഡയറക്ടറായിരുന്നു ബെനറ്റ് എബ്രഹാം. അന്നത്തെ മെഡിക്കൽ കോളേജ് കൺട്രോളർ ഡോ. പി തങ്കരാജൻ, മുൻ പ്രിൻസിപ്പാൾ ഡോ. പി മധുസൂദനൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. കേസിൽ സിഎസ്ഐ ബിഷപ്പ് ധർമ്മരാജ് റസാലമടക്കമുള്ളവർക്കെതിരെ ക്രിമിനൽ കേസ് എടുത്ത് അന്വേഷിക്കാൻ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ ശുപാർശ നൽകിയിരുന്നതാണ്.

സിഎസ്ഐ സഭയിൽ വലിയ പൊട്ടിത്തെറികളുണ്ടാക്കിയ സീറ്റ് ഇടപാടാണിത്. 24 പേരാണ് കാരക്കോണം മെഡിക്കൽ കോളേജിനെതിരെ ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷനെ നേരത്തെ സമീപിച്ചത്. 10 ലക്ഷം മുതൽ 50 ലക്ഷം വരെ കൈപ്പറ്റിയെന്നാണ് പരാതി. ബിഷപ്പ് അടക്കമുള്ളവരുടെ ഉറപ്പിന്മേലാണ് പണം നൽകിയതെന്നായിരുന്നു പരാതി. ഈ തുക തിരിച്ചുവാങ്ങി തരണമെന്നായിരുന്നു ആവശ്യം. 2016 മുതൽ മുൻകൂറായി സീറ്റിന് പണം വാങ്ങുന്നുണ്ടെന്നും ഇത് പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തിയതായും തെളിവെടുപ്പിൽ നേരത്തെ ബിഷപ്പ് അടക്കമുള്ളവർ സമ്മതിച്ചിരുന്നു. പരാതിക്കാർക്ക് 12 തവണകളായി  തുക മടക്കി നൽകാമെന്ന് ഉറപ്പ് നൽകിയെങ്കിലും അതുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കമ്മീഷൻ കർശനമായി ഇടപെട്ടതും, നടപടി ശുപാർശ ചെയ്തതും.

അഴിമതിയിൽ പങ്കാളിയായ ഡോ. ബെനറ്റ് എബ്രഹാമിനെ വീണ്ടും ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയതിനെതിരെയും സിഎസ്ഐ സഭയിൽ വൻ കലഹമുണ്ടായിരുന്നതാണ്. കോഴപ്പണം സൂക്ഷിച്ച അക്കൗണ്ട് ബിഷപ്പിന്‍റെ പക്ഷം മോഷ്ടിച്ചുവെന്നടക്കം ആരോപണങ്ങളുയരുകയും ചെയ്തിരുന്നു. 

click me!