സതീശനെയും ചെന്നിത്തലയെയും വിമർശിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് എതിരെ ആരും മിണ്ടിയില്ല; നേതൃത്വത്തിന് വിമർശനം

By Web TeamFirst Published Jan 12, 2023, 10:25 PM IST
Highlights

ഇന്നലെ തരൂർ വിഷയത്തിലും എം പിമാരുടെ കേരള മടക്കമെന്ന പ്രഖ്യാപനത്തിലുമാണ് വിമർശനം ഉയർന്നതെങ്കിൽ ഇന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ പരാമർശങ്ങളോട് പ്രതികരിക്കാത്തതിലും വിമർശനം ഉയർന്നു

തിരുവനന്തപുരം: കെ പി സി സി യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. ഇന്നലെ തരൂർ വിഷയത്തിലും എം പിമാരുടെ കേരള മടക്കമെന്ന പ്രഖ്യാപനത്തിലുമാണ് വിമർശനം ഉയർന്നതെങ്കിൽ ഇന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ പരാമർശങ്ങളോട് പ്രതികരിക്കാത്തതിലും വിമർശനം ഉയർന്നു. എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ പരാമർശങ്ങളോട് പ്രതികരിക്കാത്തതിൽ കെ പി സി സി യോഗത്തിൽ നേതൃത്വത്തിനെതിരെ കരകുളം കൃഷ്ണപിള്ളയാണ് വിമർശനം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി  സതീശനെയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും വിമർശിച്ച എൻ എസ് എസ് ജനറൽ സെക്രട്ടറിക്ക് എതിരെ ആരും പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യമാണ് കരകുളം കൃഷ്ണപിള്ള ഉയർത്തിയത്.

ഭാരത് ജോഡ‍ോ യാത്രയുടെ സമാപനത്തിൽ ആംആദ്മി അടക്കം 3 പാർട്ടികൾക്ക് ക്ഷണമില്ല; 21 പാർട്ടികളെ ക്ഷണിച്ച് കോൺഗ്രസ്

അതിനിടെ ശശി തരൂരിനെ പേരെടുത്ത് പറയാതെ കെ പി സി സി യോഗത്തിൽ ഷാഫി പറമ്പിൽ എം എൽ എ വിമർശിച്ചു. ഒരാൾ തെരുവിൽ വന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിക്കുന്നുവെന്നും സമുദായ നേതാക്കളെ കാണുന്നുവെന്നും ഇതിന് പാർട്ടി ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നും ഷാഫി പറമ്പിൽ ചോദിച്ചു. നിർമാതാക്കളുടേയും സംവിധായകരുടേയും പിന്തുണയില്ലാതെ ആരും നല്ല നടനായിട്ടില്ലെന്നും ഇതിനൊക്കെ പിന്തുണ നൽകുന്നവരേയും നിയന്ത്രിക്കണമെന്നും ഷാഫി പറമ്പിൽ എം എൽ എ പറഞ്ഞു. 

അതിനിടെ, നിയമസഭ തെരെഞ്ഞെടുപ്പിനെ കുറിച്ച് ചർച്ചകൾ വേണ്ടെന്ന് കെ പി സി സി അധ്യക്ഷൻ എം പിമാർക്ക് മുന്നറിയിപ്പ് നല്‍കി. ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിമുഖത കാട്ടി കൂടുതല്‍ കോണ്‍ഗ്രസ് എം പിമാര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് കെ പിസിസി അധ്യക്ഷൻ കെ സുധാകരൻ മുന്നറിയിപ്പ് നൽകിയത്. നിയമസഭ തെരഞ്ഞെടുപ്പ് ചർച്ച വേണ്ടെന്ന് നിര്‍ദ്ദേശിച്ച എ കെ ആന്‍റണി, ലോക്സഭ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനിയുള്ള അജണ്ടയെന്ന് ആവശ്യപ്പെട്ടു. സ്ഥാനാർത്ഥിത്വം തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും പ്രതികരിച്ചു. എം പിമാർക്ക് മടുത്തെങ്കിൽ മാറിനിൽക്കാം എന്ന് എം എം ഹസ്സൻ പറഞ്ഞു. 

click me!