
തൃശ്ശൂർ: തൃശ്ശൂർ കാറളത്തെ 79കാരിയെ കൊലപ്പെടുത്തിയത് മോഷണശ്രമത്തിനിടെ എന്ന് വിവരം. കൊല്ലപ്പെട്ട സാവിത്രി ധരിച്ചിരുന്ന 16 പവന്റെ സ്വർണം നഷ്ടമായി. കൊലയാളിയെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. സാവിത്രിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പട്ടാപ്പകൽ ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നിരിക്കുന്നത്. സാവിത്രി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ഭർത്താവ് വിജയനുമായി മകനും മരുമകളും ആശുപത്രിയിൽ പോയതായിരുന്നു. വൈകുന്നേരം നാലേകാലോട് കൂടി ചെറുമകൾ റിതിക വീട്ടിൽ മടങ്ങിയെത്തിയ സമയത്താണ് മുത്തശ്ശിയുടെ മൃതദേഹം കണ്ടെത്തുന്നത്.
മോഷണത്തിനിടെ കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 5 വളകൾ, 5 പവന്റെ മാല, മോതിരങ്ങൾ ഉൾപ്പെടെ ശരീരത്തിലുണ്ടായിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. സാവിത്രി ധരിച്ചിരുന്ന സാരിത്തലപ്പ് കൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീടാകെ മുളകുപൊടി വിതറിയിട്ടുണ്ട്. വീട്ടിൽ നിന്ന് കൊലയാളിയുടേതെന്ന് സംശയിക്കുന്ന ഗ്ലൗസും കണ്ടെത്തിയിട്ടുണ്ട്.
ഡോഗ് സ്ക്വാഡും ഇന്നലെ സ്ഥലത്തെത്തിയിരുന്നു. പൊലീസ് നാട്ടുകാരുടെ മൊഴിയും ശേഖരിച്ചിട്ടുണ്ട്. അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് എഡിജിപി പി. വിജയൻ ഉത്തരവിറക്കി. തൃശ്ശൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള 15 അംഗ പോലീസ് സംഘം കേസ് അന്വേഷിക്കും. കൊലയാളിക്കായി പോലീസിന്റെ വ്യാപക തെരച്ചിൽ തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam