
തിരുവനന്തപുരം : ഗതാഗതക്കുരുക്കിൽ ഹോൺ അടിച്ചെന്ന് ആരോപിച്ച് കരമനയിൽ യുവാക്കളുടെ മർദ്ദനമേറ്റ പ്രദീപിന്റെ പരാതിയിൽ കേസെടുക്കാൻ വൈകിയതിൽ പൊലീസിന് വീഴ്ച പറ്റിയെന്നതിന് കൂടുതൽ തെളിവുകൾ. പൊലീസ് സ്റ്റേഷനിൽ വിളിച്ച് പരാതിയെ കുറിച്ച് അന്വേഷിച്ച പ്രദീപിന്റെ സഹോദരിക്ക് ലഭിച്ചത് വ്യക്തതയില്ലാത്ത മറുപടികളാണ്. പരാതിയെക്കുറിച്ച് സ്റ്റേഷനിൽ ചോദിച്ചപ്പോൾ കേസെടുത്ത ഉദ്യോഗസ്ഥന് മാത്രമേ അറിയൂവെന്നായിരുന്നു മറുപടി. വ്യാഴാഴ്ച പൊലീസ് സ്റ്റേഷനിലേക്ക് ഫോണിൽ വിളിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിവ് പോലുമില്ലെന്ന രീതിയിൽ മറുപടി കിട്ടിയത്. ക്രൈം നമ്പർ ചോദിച്ചപ്പോൾ നോക്കിയിട്ട് പറയാം എന്ന ഒഴുക്കൻ മറുപടിയാണ് സ്റ്റേഷനിൽ നിന്ന് ലഭിച്ചത്.
ട്രാഫിക് സിഗ്നലിൽ ഹോണ്‍ മുഴക്കിയെന്നാരോപിച്ചാണ് കൃഷിവകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ ബൈക്ക് യാത്രക്കാരായ അഷ്കറും അനീഷും ചൊവ്വാഴ്ച മർദ്ദിച്ചത്. പരിക്കേറ്റ പ്രദീപ് ചോരയൊലിപ്പിച്ചുകൊണ്ട് കരമന സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും കേസെടുത്തില്ല. സിസിടിവി ദൃശ്യങ്ങൾ സഹിതം സംഭവം വാർത്തയായതിന് പിന്നാലെ ഇന്നലെയാണ് വധശ്രമത്തിന് കരമന പൊലീസ് കേസെടുത്തത്.
നിറമണ്‍കരയിൽ ഗതാഗതക്കുരുക്കിനിടെ ഹോണ്‍മുഴക്കിയെന്നാരോപിച്ചാണ് അഷ്കറും അനീഷും പ്രദീപിനെ മർദ്ദിച്ചത്. ഹോണ്‍ മുഴക്കിയത് താനല്ലെന്ന് പല പ്രാവശ്യം പറഞ്ഞിട്ടും ചെവികൊള്ളാതെ വാഹനം തകർക്കുകയും നിലത്തിട്ട് മർദ്ദിക്കുകയും ചെയ്തുവെന്ന് പ്രദീപ് പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം മദ്ദനമേറ്റ് പ്രദീപ് വായിൽ നിന്നും ചോരയൊലിപ്പിച്ചാണ് കരമന പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞത്. ആശുപത്രിയിലേക്ക് പോകാനായിരുന്നു പൊലീസ് നിർദ്ദേശം. മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം അന്നുരാത്രി തന്നെ വീണ്ടും സ്റ്റേഷനിലെത്തിയെങ്കിലും കേസെടുത്തില്ല. ബുധനാഴ്ച സിസിടിവി ദൃശ്യങ്ങള്‍ സഹിതം എസ്എച്ച്ഒയെ സമീപിച്ചുവെങ്കിലും ഒന്നും ചെയ്തില്ല. ഒടുവിൽ ഇന്നലെ രാവിലെ സിസിടിവി ദൃശ്യങ്ങൾ സഹിതം വാർത്ത വന്നതോടെയാണ് പൊലീസ് അനങ്ങിയത്.
Read More : 'പ്രതികള്‍ രക്ഷപ്പെട്ടത് പൊലീസ് വീഴ്‍ച', കരമനയില്‍ നടുറോഡില്‍ മര്‍ദ്ദനമേറ്റ പ്രദീപ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam