Bineesh Kodiyeri| കള്ളപ്പണക്കേസ്; ബിനീഷിനെതിരെ നേരിട്ടുള്ള തെളിവില്ല, അന്വേഷണ ഏജന്‍സിയോട് കര്‍ണാടക ഹൈക്കോടതി

By Web TeamFirst Published Nov 20, 2021, 8:50 PM IST
Highlights

ലഹരിയിടപാടിൽ ബിനീഷിന്റെ നേരിട്ടുള്ള പങ്കാളിത്വം ഇഡിക്ക് വ്യക്തമാക്കാനായിട്ടില്ല. ഈ സാഹചര്യത്തിൽ ജാമ്യം നൽകാതിരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

ബെംഗളൂരു: ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ (bineesh kodiyeri) നേരിട്ടുള്ള തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്ന് കര്‍ണാടക ഹൈക്കോടതി. സംശയം വെച്ച് മാത്രം ജാമ്യം നൽകാതിരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ബിനീഷിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതി പരാമർശം. വിധി പകർപ്പിലെ വിശദാംശങ്ങൾ പുറത്ത് വിട്ടു. ഇഡി കേസിൽ ബംഗ്ലൂരുവിലെ കോടതിയിലാണ് വിചാരണ നടപടികൾ പുരോഗമിക്കുന്നത്. എപ്പോൾ വിളിപ്പിച്ചാലും കോടതിയിൽ ഹാജരാകണം രാജ്യം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്.

2020 നവംബര്‍ 11 നാണ് രണ്ടാം വട്ട ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഇഡി നാടകീയമായി അറസ്റ്റ് ചെയ്യുന്നത്. കോടിയേരി ബാലകൃഷ്ണന്‍റെ മകനായത് കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും ആയിരുന്നു കോടതിയില്‍ തുടക്കം മുതലേ ബിനീഷിന്‍റെ നിലപാട്. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമച്ച കഥകള്‍ അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുകയാണെന്നും ബിനീഷ് കോടതിയില്‍ പറഞ്ഞിരുന്നു. ഡ്രൈവര്‍ അനിക്കുട്ടനും അരുണുമായി ഇടപാടുകളില്ല. അനിക്കുട്ടനെ നിയന്ത്രിക്കുന്നത് താനല്ല. ഏഴുലക്ഷം മാത്രമാണ് തനിക്ക് വേണ്ടി അനിക്കുട്ടന്‍ നിക്ഷേപിച്ചത്. മറ്റ് ഇടപാടുകള്‍ ഒന്നും തന്‍റെ അറിവോടെയല്ലെന്നും ബിനീഷ് പറഞ്ഞിരുന്നു. 

കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഡാലോചയാണ് പിന്നില്‍. അക്കൗണ്ടിലെത്തിയത് നേരായ കച്ചവടത്തിലെ ലാഭം മാത്രമാണ്. ലാഭവിഹിതത്തിലെ ആദായ നികുതി കൃത്യമായി അടച്ചതാണ്. ഇഡിക്ക് ഇത് ബോധ്യപ്പെടാത്തത് രാഷ്ട്രീയസമ്മര്‍ദ്ദം കാരണമെന്നും ബിനിഷ് കോടതിക്ക് മുന്നില്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ ജാമ്യം ലഭിച്ചെങ്കിലും ബിനീഷിന് പൂർണമായും ആശ്വസിക്കാനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസില്‍ അന്വേഷണം ഏതെങ്കിലും സാഹചര്യത്തില്‍ ബിനീഷിലേക്കെത്തിയാല്‍ വീണ്ടും കുരുക്ക് മുറുകും. ബിനീഷിന് ജാമ്യം നല്‍കിയതിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചേക്കും. കോടതിയില്‍ രണ്ട് കേന്ദ്ര ഏജന്‍സികളും ഇനി സ്വീകരിക്കുന്ന നിലപാടും നിർണായകമാണ്.

ദക്ഷിണേന്ത്യന്‍ സിനിമാതാരങ്ങളുമായി നേരിട്ട് ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടിയെന്നവകാശപ്പെട്ടുകൊണ്ടാണ് ബെംഗളൂരു മയക്കുമരുന്ന് കേസ് നാർക്കോട്ടിക് കണ്‍ണ്ട്രോൾ ബ്യൂറോ അവതരിപ്പിച്ചത്. ബിനീഷിന്‍റെ അടുത്ത സുഹൃത്തും മലയാളിയുമായ മുഹമ്മദ് അനൂപും, റിജേഷ് രവീന്ദ്രനുമാണ് കേസിലെ പ്രധാന പ്രതികൾ. ഒരുതവണ ചോദ്യം ചെയ്തതല്ലാതെ ബിനീഷിനെതിരെ ഇതുവരെ ഒരു നടപടിയും എന്‍സിബി സ്വീകരിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് കേസില്‍ കുറ്റപത്രം സമർപ്പിക്കുമ്പോഴും എന്‍സിബി കോടതിയെ അറിയിച്ചത്. ബിനീഷിന്‍റെ അക്കൗണ്ടില്‍നിന്നും ബിസിനസ് ആവശ്യങ്ങൾക്കെന്ന പേരില്‍ മുഹമ്മദിന് അനൂപിന് കൈമാറിയ പണം ലഹരി ഇടപാടിന് ഉപയോഗിച്ചു എന്നതിന് കൂടുതല്‍ തെളിവുകൾ ലഭിച്ചാല്‍ കേസില്‍ എന്‍സിബി ബിനീഷിനെ തേടി വീണ്ടുമെത്തിയേക്കും.

അനൂപിന്‍റെ ലഹരി ഇടപാടുകളെ കുറിച്ച് അറിയില്ലെന്ന ബിനീഷിന്‍റെ വാദം ഇഡിയും എന്‍സിബിയും ഇതുവരെ വിശ്വസിച്ചിട്ടില്ല. ഇഡിയുടെ കേസിലെ തുടർ നടപടികളും നിർണായകമാണ്. ലഹരി ഇടപാടില്‍ നേരിട്ട് പങ്കുള്ള മുഹമ്മദ് അനൂപിന്‍റെ ഡെബിറ്റ് കാർഡിലെ ഒപ്പുപോലും ബിനീഷിന്‍റെതാണെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. മാത്രമല്ല ഹോട്ടല്‍ വ്യവസായത്തിനെന്ന പേരില്‍ പണം മയക്കുമരുന്നിടപാടുകാർക്ക് കൈമാറി, പേരിന് മാത്രം വ്യവസായം നടത്തി, ആ പണമുപയോഗിച്ച് ബിനീഷ് ലഹരി ഇടപാട് നടത്തി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡി കണ്ടെത്തല്‍. കൂടുതല്‍ തെളിവുകളുമായി ജാമ്യം നല്‍കിയ ക‍ർണാടക ഹൈക്കോടതി നടപടിക്കെതിരെ ഇഡി സുപ്രീംകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

ചുരുക്കത്തില്‍, ജാമ്യം ലഭിച്ചെങ്കിലും കേസിലെ നിയമനടപടികളൊന്നും അവസാനിക്കുന്നില്ല. ഏത് നിമിഷവും രണ്ട് കേന്ദ്ര ഏജന്‍സികളും ബിനീഷിനെ തേടിയെത്തിയേക്കാം, കേന്ദ്ര ഏജന്‍സികളുടെ സമീപകാല ചരിത്രവും, ഏത് ചെറിയ തെളിവുകളെയും ആധാരമാക്കി കടുത്ത ആരോപണങ്ങളുന്നയിക്കുന്ന രീതിയും പരിശോധിക്കുമ്പോൾ ഈ സാധ്യതകളൊന്നും തള്ളിക്കളയാനുമാകില്ല.

click me!