800 ഓളം പേർക്ക് വഴിവിട്ട് ഒറ്റ ദിവസം അംഗത്വം നൽകി എന്ന ആരോപണം തെറ്റ്; വിശദീകരണവുമായി കാരശ്ശേരി ബാങ്ക്

Published : Dec 04, 2025, 11:47 AM IST
karassery bank

Synopsis

500 കോടിയോളം നിക്ഷേപമുള്ള ബാങ്കാണ് കാരശ്ശേരി സഹകരണ ബാങ്ക്. ഭരണം പിടിക്കാന്‍ 800 ഓളം പേർക്ക് വഴിവിട്ട് ഒറ്റ ദിവസം അംഗത്വം നൽകി എന്ന ആരോപണം തെറ്റാണെന്നാണ് ബാങ്ക് അധികൃതർ വിശദീകരിക്കുന്നത്.

കോഴിക്കോട്: യുഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കാരശ്ശേരി ബാങ്കിൽ ഭരണം പിടിക്കാന്‍ സിപിഎം വഴിവിട്ട നീക്കം നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ബാങ്ക് അധികൃതർ. 800 ഓളം പേർക്ക് വഴിവിട്ട് ഒറ്റ ദിവസം അംഗത്വം നൽകി എന്ന ആരോപണം തെറ്റാണെന്നാണ് ബാങ്ക് അധികൃതർ വിശദീകരിക്കുന്നത്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലെ ഭരണസമിതി തീരുമാന പ്രകാരം അംഗങ്ങളായവരുടെ വിവരങ്ങൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. സഹകരണ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടായിരുന്നു നടപടികൾ. ബാങ്ക് ഐ.ടി വിഭാഗം ജീവനക്കാരാണ് ഇക്കാര്യങ്ങൾ ചെയ്തത്. ചെയർമാൻ ജനറൽ മാനേജർക്ക് നിർദ്ദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ജീവനക്കാരുടെ അറിവോ സമ്മതമോ കൂടാതെ അവരുടെ യൂസർ ഐ.ഡി ഉപയോഗിച്ച് അംഗങ്ങളെ ചേർത്തു എന്ന ആരോപണം തെറ്റാണെന്നും ബാങ്ക് അധികൃതർ പറയുന്നു.

500 കോടിയോളം നിക്ഷേപമുള്ള ബാങ്കാണ് കാരശ്ശേരി സഹകരണ ബാങ്ക്. രാത്രിയിൽ ആരുമറിയാതെ 829 മെമ്പര്‍മാരെ ബാങ്കിൽ ചേര്‍ക്കാനുള്ള നീക്കമാണ് വിവാദത്തിലായത്. ബാങ്കിൽ ഭരണം പിടിക്കാന്‍ സിപിഎം വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് യുഡിഎഫ് ഭരണസമിതിയുടെ പരാതി. ബാങ്ക് ചെയർമാന്‍റെ പിന്തുണയോടെ ഭരണം പിടിക്കാനാണ് സിപിഎം നീക്കമെന്നാണ് യുഡിഎഫിന്‍റെ ആരോപണം. ഭരണം അട്ടിമറിക്കാൻ സിപിഎമ്മുമായി ചേർന്ന് നീക്കം നടത്തിയ ബാങ്ക് ചെയർമാൻ എൻ കെ അബ്‌ദുറഹ്മാനെ ഇന്നലെ കോൺഗ്രസ് പുറത്താക്കിയിരുന്നു. കെപിസിസി അംഗമായ ഇദ്ദേഹത്തിനെതിരെ കെപിസിസി പ്രസിഡൻ്റാണ് നടപടിയെടുത്തത്. മലബാറിലെ തന്നെ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള സഹകരണ സ്ഥാപനങ്ങളിലൊന്നാണ് കാരശേരി സർവീസ് സഹകരണ ബാങ്ക്. കോൺഗ്രസ് നിയന്ത്രണത്തിലുള്ളതാണ് ഈ ബാങ്ക്. അടുത്ത ഭരണസമിതി തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബാങ്ക് ചെയർമാനായ അബ്‌ദുറഹ്മാൻ സിപിഎമ്മുമായി ചേർന്ന് ഭരണം അട്ടിമറിക്കാൻ നീക്കം നടത്തിയത്.

എട്ട് ശാഖകളുള്ള മലബാറിലെ പ്രധാനപ്പെട്ട ബാങ്കുകളിലൊന്നാണ് കോഴിക്കോട് മുക്കം കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്ക്. 721 മെമ്പര്‍മാരാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ചവരെ ബാങ്കിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ ആകുമ്പോഴേക്കും മെമ്പര്‍മാരുടെ എണ്ണം 1600 ആയി. അവധി ദിവസത്തിൽ രാത്രിയിലടക്കം ജീവനക്കാരുടെ ഐഡിയും പാസ്‍വേര്‍ഡും ഉപയോഗിച്ച് 860ഓളം എ ക്ലാസ് മെമ്പര്‍മാരെ അനധികൃതമായി ചേര്‍ത്തുവെന്നാണ് സിപിഎമ്മിനെതിരെ യുഡിഎഫ് ആരോപിക്കുന്നത്. നിക്ഷേപങ്ങളെ പോലും ബാധിക്കുന്ന തരത്തിലുള്ള ഗുരുതരമായ കാര്യമാണ് നടന്നതെന്നും ചെയര്‍മാൻ തന്‍റെ സ്വന്തം ഇഷ്ടപ്രകാരം വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയെ വഞ്ചിച്ച് ബാങ്കിനെ സിപിഎമ്മിന് വിൽക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നും യുഡിഎഫ് ആരോപിച്ചു. ഭരണം പിടിച്ചെടുക്കാന്‍ സിപിഎം അനുകൂലികളായ മെമ്പര്‍മാരെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റിയെന്ന് ചൂണ്ടിക്കാട്ടി ആകെയുള്ള 13 ഡയറക്ടമാരില്‍ ഒമ്പത് പേരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ചെയര്‍മാനെ നീക്കാന്‍ അവിശ്വാസ പ്രമേയത്തിനും നീക്കം തുടങ്ങി. എന്നാൽ ഇതിന് പിന്നീലെ സംസ്ഥാന സഹകരണ വകുപ്പ് കാരശേരി ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. ബാങ്കിനെ അഡ്‌മിനിസ്ട്രേറ്റീവ് ഭരണത്തിന് കീഴിലാക്കി. വായ്പകളില്‍ ക്രമക്കേടുണ്ടെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ പൊടുന്നനെയുള്ള ഈ നീക്കവും ഭരണസമിതി പിടിച്ചെടുക്കാനുള്ള സിപിഎമ്മിൻ്റെ ശ്രമമാണെന്നാണ് ഡയറക്ടര്‍മാര്‍ ആരോപിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഇരട്ടപ്പദവി: സര്‍ക്കാര്‍ പദവിയിലിരിക്കെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി, കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ഹർജി
ദിലീപ് കാവ്യയുടെ നമ്പറുകള്‍ സേവ് ചെയ്തത് പല പേരുകളിൽ, ക്വട്ടേഷന് കാരണം നടിയുടെ വെളിപ്പെടുത്തൽ; നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ