
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. മലപ്പുറം എ ആർ നഗർ സ്വദേശി അമീറിന് വേണ്ടിയാണ് സ്വർണം കൊണ്ടുവന്നതെന്ന് പ്രതിയുടെ മൊഴി. കാരിയറായ സൽമാൻ സാലിഹ് സുഹൃത്തുക്കൾക്കൊപ്പം സ്വർണം പങ്കിട്ടെടുത്തതറിഞ്ഞ അമീർ, സൽമാന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് പൊലീസ് പറയുന്നു. സ്വർണത്തിൽ കുറച്ച് ഭാഗം അമീറിന് നൽകിയതായും സൽമാന്‍ പൊലീസിന് മൊഴി നല്‍കി. ട്രോളി ബാഗിന്റെ കമ്പികളിൽ സ്വർണ മിശ്രിതം പതിപ്പിച്ചാണ് സൽമാൻ സ്വർണം എത്തിച്ചത്. അർജുൻ ആയങ്കിയുടെ കൂട്ടാളികളെയും കബളിപ്പിച്ച് സ്വർണം കൊണ്ടുപോയത് സാലിഹിന്റെ പദ്ധതിയായിരുന്നു. കേസില്‍ പിടിയിലാകാനുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ചയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പൊട്ടിക്കല്‍ സംഘം പൊലീസിന്റെ പിടിയിലാകുന്നത്. അസ്വാഭാവിക പെരുമാറ്റം കണ്ട് പൊലീസ് സംഘത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതേ ദിവസം തന്നെ വിദേശത്ത് നിന്നെത്തിയ മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയായ സൽമാനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. പിന്നീടാണ് സ്വർണം പൊട്ടിക്കൽ കേസിൽ നിർണായക വഴിത്തിരിവായ അറസ്റ്റുണ്ടായത്. സ്വർണം പൊട്ടിക്കൽ സംഘങ്ങൾ തേടിയെത്തിയ സൽമാൻ സാലിഹ്, പരപ്പനങ്ങാടി സ്വദേശി സാദിഖ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന സ്വർണ്ണക്കവർച്ചാ സംഘങ്ങളെ മുഴുവൻ കബളിപ്പിച്ച് സൽമാൻ സാലിഹ് മുങ്ങുകയായിരുന്നു.
സൽമാനും സുഹൃത്തായ സാദിഖും അടക്കം നാല് സുഹൃത്തുക്കൾ ചേർന്ന് ഈ കടത്തുസ്വർണ്ണം രഹസ്യമായി പങ്കിട്ടെടുത്തതായും പൊലീസ് കണ്ടെത്തി. സൽമാൻ സാലിഹ് കൊണ്ടുവരുന്ന സ്വർണ്ണം തട്ടിയെടുക്കുന്നതിനായി മാത്രം ഒരേസമയം 5 സ്വർണംപൊട്ടിക്കൽ സംഘങ്ങളാണ് കരിപ്പൂർ വിമാനത്താവള പരിസരത്ത് തമ്പടിച്ചിരുന്നത്. കേസിൽ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത 13 പേർ ഈ വിവിധ സംഘങ്ങളിൽ പെട്ടവരാണെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam