
കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്തിൽ അർജുൻ മുഖ്യ പങ്കാളിയെന്ന് കസ്റ്റംസ് റിപ്പോർട്ട്. കോടതിയിൽ കസ്റ്റഡി അപേക്ഷയ്‌ക്കൊപ്പം സമർപ്പിച്ച റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. അർജുന്റെ പങ്കാളിത്തം വ്യക്തമാക്കി മുഹമ്മദ് ഷഫീഖ് കസ്റ്റംസിന് മൊഴി നൽകി. കള്ളക്കടത്തിന് കൂലി നാല്പതിനായിരം രൂപയും വിമാനടിക്കറ്റുമെന്നാണ് മൊഴി.
കരിപ്പൂർ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട അർജുൻ ആയങ്കിയുടെ കൂടുതൽ ശബ്ദ സന്ദേശങ്ങളും പുറത്ത് വന്നു. അർജുനും കൂട്ടാളികളും സ്വർണം തട്ടിയെടുക്കാൻ പദ്ധതി തയ്യാറാക്കുന്ന ഓഡിയോ ആണ് പുറത്ത് വന്നത്. അർജ്ജുൻ, സക്കീർ എന്നിവർ ക്യാരിയർമാർക്ക് നൽകുന്ന നിർദ്ദേശങ്ങൾ ആണ് സന്ദേശത്തിൽ ഉളളത്.
പുറത്ത് വന്ന സംഭാഷണം
സക്കീർ: എയർപോർട്ടിനുള്ളിൽ കയറിട്ട് ഫസലിനെ മാത്രം വിളിച്ചിട്ട്, സാധനം കൊടുക്കുക. എന്നാലെ ഞങ്ങടെ കയ്യിൽ സാധനം എത്തൂ. നിങ്ങടെ പൈസയുടെ കാര്യമൊക്കെ മാനേജ് ചെയ്യുന്നത് ഫസലാണ്. ഇത് ഇടക്കിടക്ക് പറയുന്നത് എന്തെന്ന് വച്ചാൽ കണ്‍ഫ്യൂഷൻ വന്നിട്ട് മാറി പോകണ്ടാന്ന് വിചാരിച്ചിട്ടാ. കാര്യങ്ങൾ നോക്കിയൊക്കെ കൈകാര്യം ചെയ്യ്. നമ്മൾക്ക് ഇത് ഓപ്പറേറ്റ് ചെയ്യാനേ പറ്റൂ, നിങ്ങളാണ് മാനേജ് ചെയ്യേണ്ടത്. വേറെ റിസ്കും കാര്യങ്ങളും ഒന്നുമില്ല. കണ്ണൂരിൽ അർജുൻ കാര്യങ്ങളൊക്കെ സെറ്റ് ചെയ്തിട്ടുണ്ട്. നിങ്ങടെ താമസവും ഭക്ഷണവും വൈകുന്നേരത്തെ കള്ളും. നിങ്ങൾക്ക് ദുബായിൽ കിട്ടുന്നതിനേക്കാൾ വലിയ വിഐപി സെറ്റപ്പ് നാട്ടിൽ സെറ്റ് ചെയ്തിട്ടുണ്ട്. സെറ്റിൽ ആവേണ്ട നല്ലൊരു എമൗണ്ട് കയ്യിൽ വച്ച് തരും. വേറെ കൂടുതൽ കാര്യങ്ങൾ ഒന്നും പറയാനില്ലല്ലോ. സംശയം ഒന്നുമില്ലല്ലോ. ആയെങ്കി ബാക്കി നീ പറഞ്ഞ് കൊടുത്തോ, ഓക്കെ.
അർജുൻ ആയങ്കി: സക്കീർക്കാ വൈകുന്നേരം കാണുമ്പോൾ, പക്കാ ടീക്കേ ആയിട്ട് എല്ലാ ഓക്കെ പറഞ്ഞ് നിൽക്കും. നസീർ എന്ന് പറയുന്ന ആൾ ഇത് പൊട്ടിക്കാൻ വേണ്ടി നിൽക്കുന്ന ആളാണ്. പക്ഷെ നമ്മളെ ആളല്ല നസീർ. നസീറിനെയും പൊട്ടിച്ചിട്ടാണ് നമ്മൾ പോകുന്നത്. നസീർ ചിലപ്പോൾ അവർക്ക് കൊടുക്കണമെന്ന് പറയും. നസീറിനോടും പറയുക നിങ്ങൾക്ക് തന്നെ തരുമെന്ന്. ആരെല്ലാം മെസേജ് അയച്ചാലും നമ്മൾക്ക് മാത്രമേ വിവരങ്ങൾ അയച്ച് തരാവൂ, വേറെ ആർക്കും അയക്കരുത്. സീരിയസാണ്, എന്നുവച്ചാൽ നമ്മൾ കാര്യമായി സപ്പോർട്ട് ചെയ്യുന്നുണ്ട്. ഫസലാണ് നിങ്ങടെ എല്ലാ കാര്യങ്ങളും നോക്കേണ്ട ആള്. കണ്ണൂരിൽ നമ്മളുണ്ട്. നിങ്ങടെ ക്വാറന്‍റീനും കാര്യങ്ങളും എല്ലാം സെറ്റപ്പ് ചെയ്തിട്ടുണ്ട്. അപ്പോ ആ ഒരു പക്വതയോടെ കൈകാര്യം ചെയ്യണം കേട്ടാ.
സക്കീർ: കുഴപ്പമില്ല ഇനി ഉറങ്ങിപ്പോകണ്ട. ഇന്ന് രാത്രി മിക്കവാറും ഫ്ലൈറ്റുണ്ടാവുമെന്ന് മെസേജ് വന്നു. ഓക്കെ. ഗോൾഡിന്‍റെ ടീമിന്‍റടുത്താ ഉള്ളതെങ്കിൽ നമ്മൾ വിളിച്ചാൽ ഫോണെടുക്കരുത്, ഓക്കെ. ഗോൾഡിന്‍റെ ടിമിന്‍റടുത്ത് പോകുന്നേന് മുന്നേ നമുക്ക് മെസേജ് ചെയ്യുക. അവര് ഇന്ന് വിളിക്കും. വൈകുന്നേരത്തിന് മുന്നേ ടിക്കറ്റ് കണ്‍ഫേം ആകുന്നുണ്ട്. സംശയം തോന്നി കഴിഞ്ഞാൽ ഗെയിം ഫൗൾ ആകും, ഓക്കെ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam