കർക്കിടക വാവുബലി: ബലിതർപ്പണം നടത്തി വിശ്വാസികൾ; ഉച്ചവരെ തുടരും

By Web TeamFirst Published Jul 28, 2022, 12:01 AM IST
Highlights

പിതൃക്കൾക്ക് ബലിയിടാൻ ഏറെ പേരെത്തുന്നത് ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിൽ രാത്രി മുതൽ തന്നെ വിശ്വാസികൾ എത്തുന്നുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കർക്കിടക വാവുബലി ആചരിക്കുകയാണ് വിശ്വാസി സമൂഹം. രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും കർക്കിടക വാവ് ദിനത്തിൽ ബലിതർപ്പണം അനുവദിച്ചിരുന്നില്ല. പിതൃക്കൾക്ക് ബലിയിടാൻ ഏറെ പേരെത്തുന്നത് ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിൽ രാത്രി മുതൽ തന്നെ വിശ്വാസികൾ എത്തുന്നുണ്ട്. ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിൽ കർക്കിടക വാവ് ദിനത്തോടനുബന്ധിച്ചുള്ള എല്ലാ മുന്നൊരുക്കങ്ങളും നേരത്തെ തന്നെ പൂർത്തിയായതായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചിരുന്നു. വിവിധ ജില്ലകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പു വരുത്താൻ ജില്ലാ കളക്ടർമാർക്ക് പ്രത്യേക നിർദേശം നൽകിയതായും മന്ത്രി അറിയിച്ചിരുന്നു. എല്ലാവിധ സുരക്ഷാ സൗകര്യങ്ങൾ ഏർപ്പെടുത്തിയും ഹരിത ചട്ടങ്ങൾ പാലിച്ചുമാണ് ഇത്തവണത്തെ ചടങ്ങുകൾ പുരോഗമിക്കുന്നത്.

കർക്കിടക വാവുബലി: തലസ്ഥാന നഗരത്തിൽ മദ്യനിരോധനം ഏർപ്പെടുത്തി

യാത്രാ സൗകര്യങ്ങളും മെഡിക്കൽ, ആംബുലൻസ് സൗകര്യങ്ങളും ലൈഫ് ഗാർഡ്, ഫയർഫോഴ്സ് തുടങ്ങി എല്ലാവിധ ആവശ്യ സേവനങ്ങളും വിവിധ കേന്ദ്രങ്ങളിൽ ഉറപ്പാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ നേരത്തെ തന്നെ ഉദ്യോഗസ്ഥർക്ക് മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം തിരുവനന്തപുരം ശംഖുമുഖത്ത് ഇക്കുറി ബലിയിടാൻ അനുമതി ഇല്ല. കടലാക്രമണം കണക്കിലെടുത്ത് ജില്ലാ കളക്ടറാണ് ശംഖുമുഖത്ത് ബലിതർപ്പണം അനുവദിക്കരുതെന്ന് നി‍‍ർദേശിച്ചിട്ടുള്ളത്. കർക്കിടക മാസത്തിലെ കറുത്തവാവിന് പിതൃക്കൾക്ക് ബലി ഇടുന്നത് വിശേഷമായാണ് ഹൈന്ദവ സമൂഹം കണക്കാക്കുന്നത്. ക്ഷേത്രത്തിലോ തീർത്ഥ സ്ഥലങ്ങളിലോ വീട്ടിൽ വച്ചോ ഇത് ചെയ്യാം. കൊവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ രണ്ട് വർഷവും വീടുകളിൽ മാത്രമാണ് ബലിയിടാൻ അനുമതി നൽകിയിരുന്നത്.

ബംഗാൾ മന്ത്രി പാർത്ഥയുടെ സഹായി അർപിതയുടെ വീട്ടിൽ നിന്ന് 15 കോടി രൂപ കൂടി കണ്ടെടുത്തു

അതേസമയം വാവുബലിയോട് അനുബന്ധിച്ച് അ‍ർധരാത്രി തലസ്ഥാന നഗരത്തിൽ മദ്യ നിരോധവും ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെ തിരുവനന്തപുരം കോർപ്പറേഷൻ, വർക്കല മുനിസിപ്പാലിറ്റി, അരുവിക്കര-പെരുങ്കടവിള ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളുടെ പരിധിയിൽപെട്ട എല്ലാ മദ്യ വിൽപനശാലകളുടെയും പ്രവർത്തനം നിരോധിച്ച് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍  ഉത്തരവിറക്കിയിരുന്നു. ബലിതർപ്പണത്തിനായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ഒത്തുകൂടുന്നതിനാൽ സുരക്ഷ ഉറപ്പാക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനും 1967ലെ അബ്കാരി ആക്ട് വകുപ്പ് 54 പ്രകാരമാണ് കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്.

click me!