
കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവത്തിൽ എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. കൊലയാളി സംഘത്തിൽ നാല് പേർ ഉണ്ടായിരുന്നുവെന്നും കൊലയ്ക്ക് കാരണം മുൻ വൈരാഗ്യമെന്നും എഫ്ഐആറിൽ പറയുന്നു. മൺവെട്ടി ഉപയോഗിച്ച് സന്തോഷിന്‍റെ മുറിയുടെ വാതിൽ തകർത്തു. വാളും കമ്പിപ്പാരയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇടത് തോളിനും ഇടത് കാലിനും ഗുരുതര പരിക്കേറ്റെന്നും എഫ്ഐആറിൽ പറയുന്നു.
കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. വധശ്രമക്കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്. ഇന്ന് പുലർച്ചെ രണ്ടേ കാലോടെയാണ് സംഭവമുണ്ടായത്. വീട്ടിൽ അമ്മയും സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. 2014-ൽ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്.
മുഖംമൂടി ധരിച്ചാണ് അക്രമി സംഘം എത്തിയതെന്ന് സന്തോഷിന്‍റെ അമ്മ ഓമന പറഞ്ഞു. വീടിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞായിരുന്നു ആക്രമണം. ഇതിന് മുമ്പും വീട്ടിൽ എത്തി മകനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. മകനെ കൊല്ലരുതേ എന്ന് നിലവിളിച്ചിട്ടും അക്രമികൾ പിന്മാറിയില്ലെന്ന് അമ്മ ഓമന പറഞ്ഞു. വീട്ടിൽ കയറി അമ്മയുടെ മുന്നിൽ വെച്ചാണ് അക്രമി സംഘം സന്തോഷിനെ കൊലപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam