
കൊല്ലം : കരുനാഗപ്പള്ളി ലഹരി കടത്തു കേസിൽ രണ്ട് പേരേക്കൂടി പൊലീസ് പ്രതി ചേര്‍ത്തു. സിപിഎം നേതാവായ ഷാനവാസിന്റെ കയ്യിൽ നിന്നും ലോറി വാടകയ്ക്ക് എടുത്ത ഇടുക്കി സ്വദേശി ജയനേയും മറ്റൊരു ലോറി ഉടമ അൻസറിനേയുമാണ് പ്രതി ചേര്‍ത്തത്. ലഹരിക്കടത്തിൽ ഷാനവാസിനെതിരെ തെളിവുകൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല.
പാൻമസാല കടത്തു സംഘത്തിലെ പ്രധാനികൾ തൗസീഫും ജയനുമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ജയനാണ് കര്‍ണാടകത്തിൽ നിന്നും പാൻമസാല എത്തിച്ചത്. പ്രതികൾ മുന്പും പല തവണ കൊല്ലത്തേക്ക് പാൻമസാല കടത്തിയിരുന്നതായി പൊലീസ് പറയുന്നു. തന്റെ ലോറി വാടകയ്ക്ക് നൽകിയിരിക്കുകയാണെന്ന് അൻസര്‍ പൊലീസിന് നേരത്തെ മൊഴി നൽകിയിരുന്നെങ്കിലും രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് ഇയാളെ പ്രതി ചേര്‍ത്തത്. അൻസറും ജയനും ഒളിവിലാണെന്നും പൊലീസ് പറയുന്നു.
അതേസമയം രണ്ടാമത്തെ ലോറി ഉടമയായ സിപിഎം നേതാവ് ഷാനവാസിന് കേസിൽ പങ്കുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഷാനവാസ് ഹാജരാക്കിയ വാടകക്കരാർ വ്യാജമല്ലെന്നാണ് പൊലീസ് പറയുന്നത്. കരാർ തയ്യാറാക്കിയ അഭിഭാഷകയുടെ കന്പ്യൂട്ടർ ഹാർഡ് ഡിസ്ക്ക് സൈബർ സെല്ലിന്റെ സാഹായത്തോടെ പരിശോധിച്ചെന്നും പാൻമസാല പിടികൂടുന്നതിനും രണ്ട് ദിവസം മുന്പ് ഷാനവാസ് വാടക കരാർ എഴുതിയിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് 98 ചാക്കുകളിലായി കടത്താൻ ശ്രമിച്ച ഒന്നേകാൽ ലക്ഷം പാൻമസാല പാക്കറ്റുകൾ കരുനാഗപ്പള്ളിയിൽ വച്ച് പൊലീസ് പിടികൂടിയത്. കേസിൽ നാല് പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam