കാരുണ്യ പദ്ധതി പുതിയ രൂപത്തിൽ: ചികിത്സ ചിലവ് സർക്കാർ നേരിട്ട് ആശുപത്രിക്ക് നൽകും

By Web TeamFirst Published Jul 1, 2020, 7:13 AM IST
Highlights

കഴിഞ്ഞ ദിവസം വരെ ഇൻഷുറൻസ് മാതൃകയില്‍ പ്രവര്‍ത്തിച്ചിരുന്ന കാരുണ്യ പദ്ധതി അഷുറൻസ് മാതൃകയിലേക്ക് മാറിയപ്പോൾ റിലയൻസ് കമ്പനിയെ ഒഴിവാക്കി. 

തിരുവനന്തപുരം: പാവപ്പെട്ടവർക്ക് അത്താണിയായ കാരുണ്യ സുരക്ഷാ പദ്ധതി ഇന്ന് മുതൽ പുതിയ രൂപത്തിൽ. ഇനി മുതൽ ചികിത്സ ചെലവ് ആശുപത്രികൾക്ക് സംസ്ഥാന സർക്കാർ നേരിട്ട് നൽകുന്ന അഷുറൻസ് രീതിയിലാണ് കാരുണ്യ പദ്ധതി നടപ്പാക്കുക. 

പദ്ധതി നടത്തിപ്പിനായി സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി രൂപീകരിച്ചെങ്കിലും മുൻകൂര്‍ പണം നല്‍കാൻ ഏജന്‍സിക്ക് ഫണ്ട് അനുവദിച്ചിട്ടില്ലെന്നത് തിരിച്ചടിയാകും. ചെലവായ തുക തിരികെ കിട്ടാൻ വൈകിയാൽ പദ്ധതിയുമായി സഹകരിക്കില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വരെ ഇൻഷുറൻസ് മാതൃകയില്‍ പ്രവര്‍ത്തിച്ചിരുന്ന കാരുണ്യ പദ്ധതി അഷുറൻസ് മാതൃകയിലേക്ക് മാറിയപ്പോൾ റിലയൻസ് കമ്പനിയെ ഒഴിവാക്കി. പകരം പദ്ധതി നടത്തിപ്പ് സ്റ്റേറ്റ് ഹെല്‍ത് ഏജന്‍സിക്ക് നല്‍കി. കഴിഞ്ഞ നവംബറില്‍ സ്റ്റേറ്റ് ഹെല്‍ത് ഏജന്‍സി രൂപീകരിക്കാൻ തീരുമാനിച്ചെങ്കിലും രണ്ട് മാസം മുൻപാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. എന്നാല്‍ പദ്ധതി നടത്തിപ്പിന് ആവശ്യമായ ജീവനക്കാര്‍ ഇല്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 33 ജീവനക്കാരെ പദ്ധതിക്കായി നിയമിച്ചെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. 

അതുപോലെ ആശുപത്രികള്‍ നല്‍കുന്ന ബില്ലുകള്‍ മാറിക്കിട്ടാനും വൈകും. തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്ട്രേറ്റര്‍ ബില്ലുകള്‍ പരിശോധിച്ച് ഏജന്‍സിക്ക് കൈമാറും. ഇതിനെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ നേരിട്ടാണ് പണം നല്‍കേണ്ടത്. പക്ഷേ സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ ഇത് എത്രവേഗം നടക്കുമെന്നതില്‍ വ്യക്തതയില്ല. കോടിക്കണക്കിന് രൂപയുടെ ബില്ലുകള്‍ വീണ്ടും വൈകുമെന്ന ആശങ്കയുമുണ്ട്.

188 സര്‍ക്കാര്‍ ആശുപത്രികളും 214 സ്വകാര്യ ആശുപത്രികളുമാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. അഞ്ച് ലക്ഷം രൂപയുടെ ചികില്‍സ സഹായം 41.64 ലക്ഷം കുടുംബങ്ങൾക്ക് ലഭ്യമാകുന്നതാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി.

click me!