കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ സിപിഎം നടപടി: പ്രതികളായ നാല് പേരെ പുറത്താക്കി

By Web TeamFirst Published Jul 26, 2021, 6:54 PM IST
Highlights

ബിജു കരീം, ജിൽസ്, സുനിൽകുമാർ, ഭരണ സമിതി പ്രസിഡന്‍റ് കെ കെ ദിവാകരൻ എന്നിവരെയാണ് പുറത്താക്കിയത്. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ആർ വിജയ, ഉല്ലാസ് എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.

തൃശ്ശൂര്‍: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുമായി  ബന്ധപ്പെട്ട് സിപിഎമ്മിൽ കൂട്ടനടപടി. മൂന്ന് പ്രതികളെയും മുൻ ഭരണ സമിതി പ്രസിഡന്‍റിനെയും പുറത്താക്കി. മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി കെ ചന്ദ്രനെ ഒരു വർഷത്തേക്ക് സസ്പെൻന്‍റ് ചെയ്തു. രണ്ട് ജില്ലാ കമ്മിറ്റിയംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.

കഴിഞ്ഞ രണ്ടു ദിവസമായി നടന്ന മാരത്തൺ ചർച്ചയ്ക്കൊടുവിലാണ് കടുത്ത അച്ചടക്ക നടപടിയിലേക്ക് സിപിഎം നീങ്ങിയത്. മുൻ ഭരണസമിതിയംഗം കെ കെ ദിവാകരൻ, പ്രതികളായ ബിജു കരീം, ജിൽസ്, സുനിൽകുമാർ എന്നിവരെയാണ് പുറത്താക്കിയത്. ഇരിങ്ങാലക്കുടയിൽ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗങ്ങളായ ഉല്ലാസ് കളക്കാട്, കെ.ആർ.വിജയ എന്നിവരെയാണ് ഏരിയാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയത്. ഉല്ലാസും പ്രതികളുമായുള്ള അടുത്ത ബന്ധം യോഗത്തിൽ ചർച്ചയായി. ബാങ്കിന്‍റെ ചുമതല ഉണ്ടായിരുന്ന മുതിർന നേതാവ് സി.കെ ചന്ദ്രനെതിരെ കടുത്ത നടപടി വേണമെന്ന് ഒരു വിഭാഗം വാദിച്ചു.  ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയെയും നീക്കി. തട്ടിപ്പിനെ കുറിച്ച് ജില്ലാ നേതൃത്വത്തെ അറിയിക്കുന്നതിൽ ഏരിയ സെക്രട്ടറിയ്ക്ക് വീഴ്ച പറ്റി.
ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയും പ്രതികൾ അംഗങ്ങളായിട്ടുള്ള പൊറത്തിശ്ശേരി, കരുവന്നൂർ ലോക്കൽ കമ്മിറ്റികളും പിരിച്ചു വിടണമെന അഭിപ്രായമുയർന്നു. എന്നാൽ കുറ്റക്കാർക്കെതിരെ മാത്രം നടപടി മതിയെന്ന് ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ, മുൻ മന്ത്രി എ.സി.മൊയ്തീൻ എന്നിവർക്കെതിരെയും യോഗത്തിൽ കടുത്ത വിമർശനമുയർന്നു. ബേബി ജോൺ ജില്ലാ സെക്രട്ടറിയായിരിക്കെ തട്ടിപ്പിനെ കുറിച്ച് പരാതി കിട്ടിയിട്ടും നടപടി സ്വീകരിച്ചില്ല. സഹകരണ മന്ത്രിയായിരിക്കെ എ സി മൊയ്തീനും തട്ടിപ്പ് തടയാൻ ശ്രമിച്ചില്ല.  ഇവർ യഥാസമയം പ്രവർത്തിച്ചിരുന്നെങ്കിൽ തട്ടിപ്പിനെ ചൊല്ലി പാർട്ടി ഇത്ര പ്രതിരോധത്തിലാകില്ലെന്നും ചിലർ കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!