
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആര്‍ അരവിന്ദാക്ഷന്‍റെ അമ്മയുടെ പേരിലും അക്കൗണ്ടുണ്ടെന്ന് ഇഡിയുടെ കണ്ടെത്തല്‍. അരവിന്ദാക്ഷന്‍റെ 90 വയസുള്ള അമ്മയുടെ പേരിൽ പെരിങ്ങണ്ടൂർ ബാങ്കിലുള്ള അക്കൗണ്ടില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. ഈ അക്കൗണ്ടിന്‍റെ നോമിനി കേസിലെ മുഖ്യ പ്രതിയായ സതീഷ് കുമാറിന്‍റെ സഹോദരൻ ശ്രീജിത്താണെന്നും ഇഡി കണ്ടെത്തി. അരവിന്ദാക്ഷന്‍റെ വിദേശ സന്ദർശനങ്ങളിലും അന്വേഷണം നടക്കുമെന്ന് ഇഡി അറിയിച്ചു. അതേസമയം, അരവിന്ദാക്ഷനെയും ജിൽസിനെയും സബ് ജയിലിലേക്ക് മാറ്റി.
തൃശൂരിലെ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷന്‍റെ അറസ്റ്റോടെ ഇ ഡി അന്വേഷണം ഇനി ആരിലേക്കെന്ന ചോദ്യമാണ് ഉയർന്നത്. അരവിന്ദാക്ഷൻ ഒറ്റയ്ക്കല്ലെന്നും കേസിൽ ഇനിയും പ്രതികളുണ്ടെന്നുമാണ് എൻഫോഴ്സ്മെന്‍റ് കോടതിയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. പല ഉന്നതരുമായും അരവിന്ദാക്ഷന് ബന്ധമുണ്ട്. ഇവരിൽ ആരൊക്കെ തട്ടിപ്പിന്‍റെ പങ്ക് പറ്റി എന്ന് കണ്ടെത്താനാണ് ഇഡി ശ്രമിക്കുന്നതത്. ഇഡിയുടെ തുടർ നടപടി എം കെ കണ്ണനെയും എ സി മൊയ്തീനെയും ലക്ഷ്യമിട്ടാണെന്ന് ഉറപ്പായതോടെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം. ആരോപണവിധേയരടക്കം നടപടികൾ രാഷ്ട്രീയ വേട്ടയെന്ന് ആവർത്തിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam