Asianet News MalayalamAsianet News Malayalam

പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി ഓർക്കണം, കൊളളക്ക് കുട പിടിക്കുന്നു; രൂക്ഷ വിമർശനവുമായി വി ഡി

കൊളളക്കാരെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി നിക്ഷേപകരുടെ കണ്ണീര് കാണാത്തത് എന്തുകൊണ്ടാണ്? സഹകരണ മേഖലയിലെ കള്ളനാണയങ്ങളെ പുറത്താക്കി ശുദ്ധീകരണം നടത്തുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് വിഡി സതീശന്‍

Vd Satheesan against CM on co operative bank fraud
Author
First Published Sep 28, 2023, 11:07 AM IST

തിരുവനന്തപുരം: സഹകരണ മേഖലയിലെ തട്ടിപ്പുകളില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ സഹകരണ മേഖലയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത കൊള്ളയാണ് കരുവന്നൂരിൽ നടന്നത്. തൃശൂരിലെ സഹകരണ ബാങ്കുകളിൽ മാത്രം 500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. തട്ടിപ്പുകാരായ CPM നേതാക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണ്. കൊളളക്കാർക്ക് കുട പിടിക്കുന്ന മുഖ്യമന്ത്രി, സഹകരണ മേഖലയുടെ വിശ്വാസ്യതയെ പിന്നിൽ നിന്ന് കുത്തുകയാണ്.

പാത്രത്തിലെ ചോറിൽ നിന്ന് ഒരു കറുത്തവറ്റ് തിരഞ്ഞ് കണ്ടുപിടിച്ച്, ചോറാകെ മോശമാണെന്ന് പറയുന്നുവെന്നാണ് മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചത്. പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന്  മുഖ്യമന്ത്രി മനസിലാക്കണം. സഹകരണ മേഖലയ്ക്ക് ഒരു കോട്ടവും സംഭവിക്കരുതെന്ന് പ്രതിപക്ഷം ആത്മാർഥമായി ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് കൊള്ളക്കാരെ തള്ളിപ്പറയുന്നത്. കൊളളക്കാരെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി നിക്ഷേപകരുടെ കണ്ണീര് കാണാത്തത് എന്തുകൊണ്ടാണ്? സഹകരണ മേഖലയിലെ കള്ളനാണയങ്ങളെ പുറത്താക്കി ശുദ്ധീകരണം നടത്തുകയാണ് സർക്കാർ ചെയ്യേണ്ടത്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും മണ്ഡല പര്യടനവും കേരളീയം പരിപാടിയും സർക്കാർ ചെലവിലുള്ള എൽ.ഡി.എഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണമാണ്. ധന പ്രതിസന്ധിയിൽ സർക്കാർ നട്ടംതിരിയുമ്പോഴാണ് ഈ ധൂർത്തെന്നോർക്കണം. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം ജനജീവിതത്തെ ബാധിച്ചു തുടങ്ങി. അത് പരിഹരിക്കാനുള്ള മാർഗങ്ങൾ തേടാതെ, സാധാരണക്കാരന്റെ നികുതി പണം ധൂർത്തടിക്കുന്ന പരിപാടികളുമായി പ്രതിപക്ഷത്തിന് സഹകരിക്കാനാകില്ലെന്നു വി ഡി സതീശന്‍ വിശദമാക്കി. 

Follow Us:
Download App:
  • android
  • ios