
തൃശ്ശൂര്‍: താന്‍ കേസില്‍ പെട്ടത് എങ്ങനെയെന്ന് അറിയില്ലെന്ന് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മൂന്നാം പ്രതി ജില്‍സ്. ബാങ്കിന്റെ ചുമതല ഉണ്ടായിരുന്നില്ല. സെക്രട്ടറിയും ഭരണ സമിതിയും പറയുന്നത് മാത്രമാണ് ചെയ്തത്. ഭരണ സമിതി അംഗങ്ങൾ കാര്യങ്ങളില്‍ നിരന്തരം ഇടപെട്ടിരുന്നു. ആരൊക്കൊയോ ചേർന്ന് കേസിൽ പെടുത്തിയതാണ്. പാർട്ടി നോമിനി ആയാണ് ബാങ്കിൽ ജോലിക്ക് കയറിയത് എന്നും ജില്‍സ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ സ്ത്രീ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചു. കരുവന്നൂർ സ്വദേശി ഫിലോമിനയാണ് മരിച്ചത്. 28 ലക്ഷം രൂപയുടെ നിക്ഷേപമുള്ള ഫിലോമിനക്ക് മെച്ചപ്പെട്ട ചികിത്സക്കായി പണം പലതവണ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ജീവനക്കാർ തിരിച്ചയച്ചുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മരണാനന്തര ചടങ്ങിനുള്ള പണമെങ്കിലും കുടുംബത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും പ്രതിപക്ഷ പാർട്ടികളും മൃതദേഹവുമായി കരുവന്നൂർ ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചു.
ഒരുമാസമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഫിലോമിന. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഫിലോമിനയ്ക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ 28 ലക്ഷം രൂപ നിക്ഷേപമുണ്ടായിരുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ സമീപിച്ചു. പക്ഷേ ഒരു രൂപ പോലും കിട്ടിയില്ലെന്ന് ഭർത്താവ് ദേവസി ആരോപിച്ചു. നിക്ഷേപകർക്ക് ചികിത്സക്ക് പോലും പണം നൽകാത്ത കരുവന്നൂർ ബാങ്ക് ഭരണ സമിതിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഉച്ചയ്ക്ക് രണ്ടരയോടെ മെഡിക്കൽ കോളേജിൽ നിന്ന് എത്തിച്ച മൃതദേഹവുമായി ബന്ധുക്കളും ബിജെപി കോണ്‍ഗ്രസ് പ്രവർത്തകരും ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചു.
ബന്ധുക്കൾക്ക് മരണാനന്തര ചടങ്ങിനുള്ള തുകയെങ്കിലും കൊടുക്കണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാത അര മണിക്കൂറോളം ഉപരോധിച്ചു. ആർഡിഒ സ്ഥലത്തെത്തി തുക അനുവദിക്കാമെന്നും , ബാക്കി നിക്ഷേപത്തിന്‍റെ കാര്യം സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്താമെന്നും അറിയിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
അതേസമയം മരിച്ച ഫിലോമിനയുടെ കുടുംബത്തിന് ഒരു വർഷത്തിനിടെ നാല് ലക്ഷത്തി അറുപതിനായിരം രൂപ നൽകിയിട്ടുണ്ടെന്നാണ് സിപിഎം ഭരണ സമിതിയുടെ വിശദീകരണം. പതിമൂന്ന് തവണകളായി ഇവരുടെ അക്കൗണ്ടിലേക്ക് പണം നൽകിയിട്ടുണ്ടെന്നും സിപിഎം പറയുന്നു.
Read Also: വയസ് 22, തട്ടിയത് 100 കോടി; 'പയ്യൻസിന്‍റെ' ക്രിപ്റ്റോ തട്ടിപ്പിൽ ഞെട്ടി തളിപ്പറമ്പുകാർ.!
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam