
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ മുഖ്യ ആസൂത്രകൻ ഒന്നാംപ്രതി സതീഷ് കുമാർ എന്ന് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. ഒന്നാം പ്രതി സതീഷ്കുമാർ രണ്ടാം പ്രതി പി പി കിരൺ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇ ഡി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുള്ളത്. ബെനാമി വായ്പ ഇടപാടുകളിലൂടെ രണ്ടാം പ്രതി കിരൺ തട്ടിയെടുത്ത 24.57 കോടി രൂപയിൽ നിന്ന് 14 കോടിയും സതീഷ് കുമാറിന് കൈമാറിയെന്നും ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ ഹാജരാക്കിയ പ്രതികളെ കോടതി, വരുന്ന വെള്ളിയാഴ്ച മൂന്ന് മണി വരെ ഇ ഡി കസ്റ്റഡിയിൽ വിട്ടു.
ഉന്നത വ്യക്തി ബന്ധങ്ങളുള്ള സതീഷ് കുമാറിന്‍റെ ഇടപെടലിലാണ് കിരണിന് ബാങ്കിൽ നിന്ന് വായ്പ കിട്ടിയതെന്ന് ഇ ഡി ആരോപിക്കുന്നു. 51 ബെനാമി ഇടപാടുകളിലൂടെയാണ് 24.57 കോടി രൂപ പി പി കിരൺ വായ്പയായി തട്ടിയെടുത്തത്. ഇതിൽ നിന്ന് 14 കോടി രൂപ അക്കൗണ്ട് വഴിയും നേരിട്ടും സതീഷിന് കൈമാറി. സതീഷ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസിലെ ഉന്നതരുടെ പങ്കിനെ കുറിച്ച് വിവരങ്ങൾ കിട്ടാൻ പ്രതികളെ തുടർന്നും ചോദ്യം ചെയ്യണം എന്ന ഇ ഡി ആവശ്യം പരിഗണിച്ചാണ് കോടതി പ്രതികളുടെ കസ്റ്റഡി അപേക്ഷ അനുവദിച്ചത്.
2021 ൽ ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോഴാണ് പരിശോധനകളും അറസ്റ്റും നടക്കുന്നതെന്ന് പ്രതിഭാഗം ആരോപിച്ചു. കരുവന്നൂർ തട്ടിപ്പിൽ ഇ ഡി രജിസ്റ്റർ ചെയ്ത കേസിലെ ആദ്യ അറസ്റ്റാണ് ഇന്നലെ നടന്നത്. ഇതേ കേസിൽ മുൻ മന്ത്രി എ സി മൊയ്തീന് ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ മൂന്നാം വട്ടവും ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്. മൊയ്തീൻ ഈ മാസം 11 ഹാജരാകുമെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam