കരുവാരക്കുണ്ട് സ്കൂളിലെ ഒരു കോടിയോളം രൂപയുടെ ക്രമക്കേട്: നടപടിക്കെതിരെ സമസ്ത, മുഖ്യമന്ത്രിയെ കണ്ടു

Published : May 22, 2024, 03:40 PM IST
കരുവാരക്കുണ്ട് സ്കൂളിലെ ഒരു കോടിയോളം രൂപയുടെ ക്രമക്കേട്: നടപടിക്കെതിരെ സമസ്ത, മുഖ്യമന്ത്രിയെ കണ്ടു

Synopsis

രേഖകൾ തിരുത്തി അനര്‍ഹമായ പണം തട്ടിയെടുത്ത അധ്യാപകരിൽ ഒരാൾ ഇകെ സുന്നി വിഭാഗം നേതാവിൻ്റെ മകൾ

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ട് ഡിഎന്‍ഒ യുപി സ്കൂളില്‍ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്കായി മാനേജ്മെന്‍റിന്‍റെ നേതൃത്വത്തില്‍ വന്‍ ക്രമക്കേട് നടത്തിയെന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ കണ്ടെത്തലിൽ നടപടി എടുക്കരുതെന്ന് സമസ്ത നേതൃത്വം. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിൻ്റെ നേതൃത്വത്തിൽ ഈ ആവശ്യം ഉന്നയിച്ചു. വ്യാജ രേഖയുണ്ടാക്കി അധ്യാപകര്‍ ചെയ്യാത്ത ജോലിക്ക് ഒരു കോടിയോളം രൂപ കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. സ്കൂള്‍ മാനേജര്‍ക്കും മൂന്ന് അധ്യാപകര്‍ക്കുമെതിരെ ക്രിമിനൽ നടപടിക്ക് മലപ്പുറം ഡിഡിഇ ശുപാര്‍ശ ചെയ്തു.

കരുവാരക്കുണ്ട് ഡിഎന്‍ഒ യുപി സ്കൂളിലെ മൂന്ന് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വണ്ടൂര്‍ എഇഒയും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറും നടത്തിയ അന്വേഷണത്തിലാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്. അധ്യാപകരായ ഒ സുലാഫ, നിഷാത്ത് സുല്‍ത്താന, സി റെയ്ഹാനത്ത് സ്കൂള്‍ മാനേജര്‍ എന്‍ കെ അബ്ദുറഹ്മാന്‍ എന്നിവര്‍ക്കെതിരെയാണ് മലപ്പുറം ഡി ഡി ഇയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇവരിലൊരാൾ ഇ.കെ സുന്നി നേതാവിന്റെ മകളായതിനാലാണ് നടപടി പാടില്ലെന്ന് ആവശ്യപ്പെട്ട് സമസ്ത മുഖ്യമന്ത്രിയെ കണ്ടത്. വൻ ക്രമക്കേട് കണ്ടെത്തിയ അന്വേഷണത്തിന് പിന്നിൽ പ്രവർത്തിച്ചത് മുസ്ലിം ലീഗ് നേതാക്കളെന്നാണ് ഇകെ സുന്നി നേതാക്കളുടെ ആരോപണം.

Read more: സമസ്ത മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വിയോട് വിശദീകരണം തേടി

കേന്ദ്രാവിഷ്കൃത പദ്ധതിയായ ഏരിയ ഇന്‍റന്‍സീവ് പ്രോഗ്രാം പ്രകാരമാണ് ഡിഎൻഒ യുപി സ്കൂള്‍ അനുവദിക്കപ്പെട്ടത്. ഈ പദ്ധതി പ്രകാരം അനുവദിക്കപ്പെട്ട സ്കൂളുകളില്‍ 2003 മുതല്‍ വിവിധ വര്‍ഷങ്ങളിലായി ജോലിയില്‍ പ്രവേശിച്ച് നിയമനാംഗീകാരം കിട്ടാതിരുന്ന അധ്യാപകരുണ്ടായിരുന്നു. ഇവര്‍ക്ക് 2015 നവംബര്‍ മുതല്‍ അംഗീകാരവും സേവന വേതന ആനുകൂല്യങ്ങളും അനുവദിച്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സ്കൂള്‍ അധികൃതര്‍ ദുരുപയോഗം ചെയ്തെന്നാണ് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. അംഗീകാരം കിട്ടാത്ത കാലത്ത് ജോലി ചെയ്തിരുന്ന മറ്റ് അധ്യാപകരുടെ രേഖകള്‍ തിരുത്തി സ്കൂള്‍ മാനേജ്മെന്‍റ് ഭാരവാഹികളുടെ ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയതായാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഈ അധ്യാപകര്‍ വ്യാജ രേഖകള്‍ ചമച്ച് മുന്‍കാല പ്രാബല്യത്തോടെ ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും കൈപ്പറ്റിയിരുന്നു. 

Read more: 'ചിലർ ഇടതുപക്ഷത്തേക്ക് അടുക്കുന്നു'; സമസ്തയിലെ ലീഗ് വിരുദ്ധർക്കെതിരെ ബഹാവുദ്ദീൻ നദ്‍വി, ഭിന്നത രൂക്ഷം

ചെയ്യാത്ത ജോലിയുടെ പേരില്‍ ഒരു കോടിയോളം രൂപയാണ് ഇവര്‍ കൈപ്പറ്റിയത്. കുറ്റക്കാരായ അധ്യാപകര്‍ അനധികൃതമായി കൈപ്പറ്റിയ ശമ്പളം 18% പിഴ പലിശയോടെ സര്‍ക്കാരിലേക്ക് തിരിച്ചടക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്. മാനേജര്‍ക്കും അധ്യാപകര്‍ക്കും എതിരെ ക്രമിനല്‍ നടപടി സ്വീകരിച്ച് സ്കൂളിന്‍റെ താത്കാലിക ചുമതല വണ്ടൂര്‍ എ ഇ ഒ ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഡിഡിഇയുടെ അന്വേഷണ റിപ്പോര്‍ട്ട് ഡിപിഐയുടെ പരിഗണനയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി